അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ആദ്യ അടിയന്തര മെഡിക്കൽ ഒഴിപ്പിക്കൽ ദൗത്യം നാസ വിജയകരമായി പൂർത്തിയാക്കി. നാലംഗ സംഘവുമായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം കാലിഫോർണിയൻ തീരത്ത് സുരക്ഷിതമായി ഇറങ്ങി. സംഘത്തിലെ ഒരാൾക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന മടക്കയാത്ര നേരത്തെയാക്കാൻ നാസ തീരുമാനിക്കുകയായിരുന്നു.
നാസയുടെ സെന കാർഡ്മാൻ, മൈക്ക് ഫിൻക്, ജാക്സയുടെ കിമിയ യുയി, റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റണോവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 167 ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിയോടെ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട പേടകം ഉച്ചയ്ക്ക് 2.11-ഓടെ കടലിലിറങ്ങി. ഉടൻതന്നെ കാത്തിരുന്ന എംവി ഷാനൺ എന്ന പ്രത്യേക കപ്പലിലേക്ക് പേടകത്തെ മാറ്റുകയും സഞ്ചാരികളെ പുറത്തെടുക്കുകയും ചെയ്തു.
മടങ്ങിയെത്തിയ നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാസ അറിയിച്ചു. ജനുവരി ഏഴിന് ബഹിരാകാശ നടത്തത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് ഒരാൾക്ക് ആരോഗ്യപ്രശ്നം കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടായെങ്കിലും സ്വകാര്യത മാനിച്ച് അത് ആരാണെന്ന വിവരം നാസ പുറത്തുവിട്ടിട്ടില്ല.















