ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിൽ സംഭവിച്ചത് അതീവ ഗുരുതരമായ ‘ടൈപ്പ് എ’ പ്രതിസന്ധിയാണെന്ന് സ്ഥിരീകരിച്ച് നാസ. സാങ്കേതിക തകരാറുകൾ മുൻകൂട്ടി അറിഞ്ഞിട്ടും വിക്ഷേപണത്തിന് അനുമതി നൽകിയ പഴയ നേതൃത്വത്തിന്റെ നടപടിയെ നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ രൂക്ഷമായി വിമർശിച്ചു. വിക്ഷേപണത്തിന് ശേഷം പേടകത്തിന്റെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകൾ പൂർണ്ണമായും പരാജയപ്പെട്ടത് സഞ്ചാരികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമുണ്ടാക്കിയെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരായിരുന്നു ഈ ദൗത്യത്തിലെ യാത്രികർ. പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റം തീർത്തും മോശമായിരുന്നുവെന്നും കഠിനമായ പരിശ്രമത്തിനൊടുവിലാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യാൻ സാധിച്ചതെന്നും നാസ വെളിപ്പെടുത്തി. എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ ഇവർക്ക് സാങ്കേതിക തകരാർ മൂലം മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരികയും ഒടുവിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.
മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ പാലിക്കേണ്ട കർശനമായ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയെന്നും, സാങ്കേതികമായി പൂർണ്ണമായ മാറ്റങ്ങൾ വരുത്താതെ സ്റ്റാർലൈനറിൽ ഇനി മനുഷ്യ ദൗത്യങ്ങൾ നടത്തരുതെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. മുൻ നേതൃത്വത്തിന് സംഭവിച്ച ഈ വീഴ്ച ബഹിരാകാശ ചരിത്രത്തിലെ തന്നെ വലിയൊരു പാഠമാണെന്നും ഐസക്മാൻ കൂട്ടിച്ചേർത്തു.
NASA slams previous leadership over Starliner’s ‘Type A’ crisis and safety lapses













