ദേശീയ പണിമുടക്കിൽ പ്രതിപക്ഷ നേതാവായ വിഡി സതീശനോട് പുതുയുഗയാത്ര നിർത്തിവയ്ക്കാൻ ഐഎൻ ടിയുസി പറഞ്ഞിട്ടില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. വി ഡി സതീശന്റെ പൂർണ്ണ പിന്തുണയോടെയാണ് പണിമുടക്ക് നടത്തുന്നത്. യാത്ര നേരത്തെ നിശ്ചയിച്ചതാണ്. പണിമുടക്കിലെ വിഷയങ്ങളും യാത്രയിൽ ചർച്ചയാകും.വി ഡി സതീശനുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. ഗോവിന്ദൻ മാസ്റ്ററേ പോലെ ഒരാൾ ഇങ്ങനെ വളഞ്ഞു ചിന്തിക്കുന്നത് ശരിയല്ലന്നും എം വി ഗോവിന്ദന് ട്രേഡ് യൂണിയനുകളെ കുറിച്ച് വലിയ ധാരണ ഇല്ലാഞ്ഞിട്ടാകുമെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
45 കോടിപേർ പങ്കെടുക്കുന്ന പണിമുടക്കാണ് ഇന്ന് നടക്കുന്നത്. 104 കോടി പേരുടെ പ്രക്ഷോഭം കേന്ദ്രസർക്കാർ നേരിടുന്നു. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിട്ട് വന്നിട്ട് 12 വർഷമായിട്ടുള്ളൂ, ഈ 12 വർഷം കൊണ്ടാണോ രാജ്യത്ത് വികസനം ഉണ്ടായത്. മോദിയുടെ ഭരണകാലത് പുരോഗതി ഉണ്ടായില്ല, മറിച്ച് ഉണ്ടായത് അധോഗതി. എന്തിനാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിൻവലിച്ചത്. മൻമോഹൻസിങ് കൊണ്ടുവന്ന ലോകത്തിലെ മാതൃക പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയാണ് നരേന്ദ്രമോദി സർക്കാർ ഇല്ലാതാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് ഇല്ലാതാക്കാൻ നടത്തിയത് ആസൂത്രിത ശ്രമമെന്നും ആർ ചന്ദ്രശേഖരൻ ആരോപിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിന്റെ മുന്നിൽ മുട്ടുമടക്കി നിൽക്കുന്നത് കാണേണ്ടി വന്ന കാലമാണ്. പ്രധാനമന്ത്രി തൊഴിലാളി വിരുദ്ധ നയമാണ് നടപ്പിലാക്കുന്നത് എന്ന് പ്രമേയം പാസാക്കിയ ബിഎംഎസ് എന്തുകൊണ്ട് സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. രാജ്യത്തെ തൊഴിലാളികളെ അപമാനിക്കാൻ നയങ്ങൾ പ്രഖ്യാപിച്ച ഭരണകൂടമാണ് കേന്ദ്രത്തിലുള്ളതെന്നും അതിനെതിരെ നടക്കുന്ന സമരത്തിൽ നിന്ന് ബിഎംഎസ് എന്തുകൊണ്ട് വിട്ടുനിൽക്കുന്നുവെന്നും ആർ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
National strike: INTUC state president R Chandrasekharan says he did not ask the opposition leader to stop the PuthuyugaYatra.









