റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തിൽ പുടിൻ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി യൂറോപ്യൻ യൂണിയനും അമേരിക്കയും രംഗത്തെത്തി. നവാൽനിയുടേത് സ്വാഭാവിക മരണമല്ലെന്നും വിഷപ്രയോഗത്തിലൂടെ റഷ്യൻ ഭരണകൂടം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നുമാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. തവളയിൽനിന്നുള്ള മാരകവിഷം നൽകി ജയിലിൽ വെച്ച് കൊലപ്പെടുത്തി എന്നാണ് യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആരോപിച്ചു. ആർട്ടിക് ജയിലിൽ തടവിൽ കഴിയുന്നതിനിടെ 2024 ഫെബ്രുവരിയിൽ അപ്രതീക്ഷിതമായാണ് നവാൽനി മരിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചത്. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടെങ്കിലും വലിയ ഗുണമുണ്ടായില്ല.
നവാൽനിയുടെ ശരീരത്തിൽനിന്നുള്ള സാമ്പിളുകളിൽ നടത്തിയ പരിശോധനകളിൽ എപ്പിബാറ്റിഡിൻ എന്ന വിഷാംശം കണ്ടെത്തിയതായി യുകെ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ ശനിയാഴ്ച അറിയിച്ചു. തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന വിഷമുള്ള തവളകളിലാണ് എപ്പിബാറ്റിഡിൻ കാണപ്പെടുന്നതെന്നും റഷ്യയിൽ സാധാരണമായി ഇത് ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ലണ്ടനിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, റഷ്യയ്ക്ക് ഈ വിഷം നൽകാൻ ആവശ്യമായ മാർഗ്ഗങ്ങളും പ്രേരണയും അവസരവുമുണ്ടെന്ന് അഞ്ച് സർക്കാരുകൾ പറഞ്ഞു.
നവാൽനിയുടെ മരണം റഷ്യയിലെ ജനാധിപത്യ പോരാട്ടത്തിന് വലിയ തിരിച്ചടിയാണെന്ന് യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു. ജയിലിൽ വച്ച് അദ്ദേഹത്തിന് നേരെ പലതവണ വധശ്രമങ്ങൾ നടന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയ നവാൽനിയെ നിശബ്ദനാക്കാൻ ഭരണകൂടം മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികളും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഷ്യൻ വിദേശകാര്യ മന്ത്രാലയം തള്ളുകയാണ് ഉണ്ടായത്. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ നിഗമനങ്ങളിൽ എത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് റഷ്യയുടെ നിലപാട്.
റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. നവാൽനിയെ വിഷം കൊടുത്തുകൊന്നു എന്ന ആരോപണം റഷ്യൻ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
Navalny Murdered by Poison: Europe Accuses Russia of Political Assassination














