ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ എങ്ങനെയെന്ന, രാജ്യത്തെ ജനവികാരം അളക്കുന്ന ഇന്ത്യ ടുഡേ – സി വോട്ടർ ‘മൂഡ് ഓഫ് ദ നേഷൻ’ സർവേ ഫലങ്ങൾ പുറത്ത്. എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നാണ് സർവേ പ്രവചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി 350 ലേറെ സീറ്റുകൾ നേടി അധികാരം നിലനിർത്താൻ സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തന്നെയാണ് ഭരണപക്ഷത്തിന് കരുത്താകുന്നത്.
അതേസമയം, പ്രതിപക്ഷ നിരയായ ‘ഇന്ത്യ’ സഖ്യം മുൻപത്തേക്കാൾ മോശം പ്രകടനമാകും നടത്തുകയെന്നും സർവേ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കുറവാകും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ലഭിക്കുന്ന സീറ്റുകൾ എന്നാണ് പ്രവചനം. കോൺഗ്രസ് ഒറ്റയ്ക്ക് 70 ലധികം സീറ്റുകൾ മാത്രം നേടുമെന്നാണ് പ്രവചനം. അതേസമയം തമിഴ്‌നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യം ശക്തമായ സ്വാധീനം ചെലുത്തുമെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വോട്ട് വിഹിതത്തിന്റെ കാര്യത്തിലും എൻ.ഡി.എ മുന്നിലാണ്. എന്നാൽ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ആധിപത്യം തുടരുമ്പോൾ, പ്രാദേശിക കക്ഷികളുടെ പ്രകടനം ‘ഇന്ത്യ’ സഖ്യത്തിന് നിർണ്ണായകമാകും. വരും മാസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ ഈ പ്രവചനങ്ങളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.















