
നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവേശമായി. “നീ പോ മോനേ ദിനേശാ” എന്ന പ്രശസ്തമായ സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ട് “നീ പോ മോനേ വിജയാ” എന്ന് അദ്ദേഹം പരിഹസിച്ചപ്പോൾ പ്രവർത്തകർ കൈയടികളോടെയാണ് സ്വീകരിച്ചത്. കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അവസാനിച്ചെന്നും ഇനി കോൺഗ്രസിന്റെ കാലമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നരേന്ദ്ര മോദിയും പിണറായി വിജയനും സഹോദരന്മാരെപ്പോലെയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. പിണറായി വിജയനെ മുൻനിർത്തി കേരളത്തെ തട്ടിയെടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ഇനി പിണറായിക്ക് തുടരാൻ സമയമില്ലെന്നും കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ സംസ്ഥാനത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗിച്ച റെഡ്ഡി ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാണികളെ കയ്യിലെടുത്തു.
യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന് വോട്ടഭ്യർത്ഥിച്ചു നടന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകരാണ് വാദ്യമേളങ്ങളുടെയും പ്ലക്കാർഡുകളുടെയും അകമ്പടിയോടെ റോഡ് ഷോയിൽ അണിനിരന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട രേവന്ത് റെഡ്ഡി, കേരളത്തിലെ ഭരണമാറ്റം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചാണ് മടങ്ങിയത്.
‘Nee po mone Vijaya… Time is over’; Revanth Reddy electrifies Nemam with witty speech














