ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കണമെന്ന് നെതന്യാഹു; അമേരിക്ക ഭാവിയിൽ ഇസ്രയേലിന് എതിരാകുമോയെന്ന് ആശങ്ക

ടെൽ അവീവ്: ഭാവിയിൽ അധികാരത്തിലെത്തുന്ന അമേരിക്കൻ ഭരണകൂടം ഇസ്രയേലിനോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചേക്കാമെന്നും ഇത് സൈനിക സഹായത്തെയും തന്ത്രപ്രധാന ബന്ധത്തെയും ബാധിക്കാമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും ബന്ധം ശക്തമാക്കി പുതിയ സഖ്യങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിപാടിയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത്.

രണ്ട് വർഷത്തിനുള്ളിൽ ഇസ്രയേലിനോട് കടുത്ത ശത്രുതയുള്ള ഒരു പുരുഷനോ സ്ത്രീയോ അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയേക്കാം. അങ്ങനെയെങ്കിൽ നമ്മൾ എങ്ങനെ നേരിടും? അമേരിക്കയുമായുള്ള ബന്ധത്തിൽ എങ്ങനെ മുന്നോട്ടുപോകും? അതിനപ്പുറം എന്തെല്ലാം പരിഹാരങ്ങൾ വേണ്ടിവരുമെന്നും നെതന്യാഹു ചോദിച്ചു. ട്രംപിന്റെ ഭരണകാലത്ത് ശേഷിക്കുന്ന വർഷങ്ങൾ ഇസ്രയേലിന്റെ നിലപാട് ശക്തിപ്പെടുത്താൻ ഉപയോഗിക്കണമെന്നും അമേരിക്കയുടെ നയങ്ങളിൽ വലിയ മാറ്റമുണ്ടായേക്കാവുന്ന സാഹചര്യത്തെ നേരിടാൻ തയ്യാറെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് വർഷവും അതിനുശേഷമുള്ള രണ്ട് വർഷവും അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യണം. അനുകൂല സാഹചര്യത്തിലും പ്രതികൂല സാഹചര്യത്തിലും ഇത് തുടരണമെന്നും നെതന്യാഹു പറഞ്ഞു. ഇതിനൊപ്പം മറ്റു രാജ്യങ്ങളുമായും സഖ്യങ്ങൾ രൂപീകരിക്കണം. മേഖലയ്ക്കകത്തും പുറത്തുമുള്ള നിരവധി രാജ്യങ്ങളുമായി ഇതിനായി പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ചെറിയ രാജ്യമല്ല. മറ്റു നിരവധി രാജ്യങ്ങളുമുണ്ട്. ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇസ്രയേലിന് പുതിയ സഖ്യങ്ങൾ രൂപീകരിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാറ്റിനമേരിക്കയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബ്രസീലിലും വലിയ മാറ്റമുണ്ടായേക്കാം. നമ്മുടെ സഖ്യങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയും എല്ലാവർക്കും പ്രയോജനകരമായ രാജ്യമായി മാറാനുള്ള ശേഷികൾ വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇസ്രയേൽ ഒറ്റപ്പെടുകയാണെന്ന വിമർശനങ്ങൾക്കിടയിൽ ഇന്ത്യയുമായുള്ള ബന്ധം ഉയർത്തിക്കാട്ടുന്നത് നെതന്യാഹുവിന് പുതിയ കാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം സർക്കാരിന്റെ നയതന്ത്ര നേട്ടമായി അദ്ദേഹം നേരത്തെയും അവതരിപ്പിച്ചിട്ടുണ്ട്.

ദീർഘകാലമായി തുടരുന്ന യുദ്ധത്തിനിടെ ഇസ്രയേലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയും സഖ്യങ്ങളും സംബന്ധിച്ച ചർച്ചകൾ ശക്തമായപ്പോൾ, ഇന്ത്യയുമായി ഇസ്രയേലിന് “സവിശേഷ ബന്ധം” ഉണ്ടെന്നും ഇന്ത്യ വലിയ ശക്തിയാണെന്നും കഴിഞ്ഞ മേയിൽ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിനോട് ഇന്ത്യക്കാർക്ക് വലിയ സ്നേഹമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കിടയിൽ ഇസ്രയേലിനോടുള്ള അതൃപ്തി വർധിക്കുന്നതിന് നെതന്യാഹു വർഷങ്ങളായി സ്വീകരിച്ച ചില തെറ്റായ തീരുമാനങ്ങളാണ് കാരണമെന്ന് ഇസ്രയേലിലെ നിരവധി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റുമാരായ ബറാക് ഒബാമയുമായും ജോ ബൈഡനുമായും നെതന്യാഹുവിന് പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇസ്രയേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റുമാരെപ്പോലും എതിർക്കാൻ തയ്യാറുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയാണ് ഈ ഏറ്റുമുട്ടലുകളിലൂടെ അദ്ദേഹം അനുയായികൾക്കിടയിൽ വളർത്തിയതെന്ന് പിടിഐയോട് സംസാരിച്ച നിരീക്ഷകർ പറഞ്ഞു.

നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈ നിലപാട്. ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായി തുടരാൻ ഈ രാഷ്ട്രീയ തന്ത്രം സഹായിച്ചിട്ടുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

Netanyahu Calls For Stronger India Ties, Fears Future US Hostility For Israel

More Stories from this section

family-dental
witywide