ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ഇനി ആക്രമിക്കില്ല; ട്രംപിൻ്റെ നിർദ്ദേശം അനുസരിക്കുമെന്ന് നെതന്യാഹു

ജെറൂസലേം: ഇറാൻ്റെ പ്രധാന ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് വ്യാഴാഴ്ച രാത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളിലൊന്നായ ഇറാൻ്റെ ‘സൗത്ത് പാർസ്’ ഗ്യാസ് ഫീൽഡുമായി ബന്ധപ്പെട്ട പ്ലാൻ്റിന് നേരെ ഇസ്രായേൽ അടുത്തിടെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണം ഇസ്രായേൽ തനിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും നെതന്യാഹു സ്ഥിരീകരിച്ചു. “ഭാവിയിൽ ഇത്തരം ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രസിഡൻ്റ് ട്രംപ് ആവശ്യപ്പെട്ടു, ഞങ്ങൾ അത് പാലിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

ഇറാൻ്റെ ഇന്ധന സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ മുൻപും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും, ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ഇതാദ്യമാണ്. ഇത് മേഖലയിലെ യുദ്ധസാഹചര്യം വഷളാക്കി. ഇസ്രായേലിൻ്റെ നീക്കത്തിന് മറുപടിയായി അയൽരാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകി. ഖത്തറിലെ പ്രധാന ഊർജ്ജ ഹബ്ബായ ‘റാസ് ലഫാനിൽ’ ഇറാൻ്റെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

ആക്രമണത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നു. വരും ദിവസങ്ങളിൽ ആഗോളതലത്തിൽ വലിയ രീതിയിലുള്ള വാതകക്ഷാമം ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ അനുകൂല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ഇസ്രായേൽ തുടരുന്നതിനിടെയാണ് ട്രംപിൻ്റെ ഇടപെടലും നെതന്യാഹുവിൻ്റെ പുതിയ വെളിപ്പെടുത്തലും പുറത്തുവരുന്നത്.

Netanyahu says he will not attack Iran’s energy facilities again; will follow Trump’s instructions

More Stories from this section

family-dental
witywide