അമേരിക്കയിൽ ഇറക്കുമതി ഉൽപ്പന്നങ്ങൾക്കുമേൽ 10 ശതമാനം കസ്റ്റംസ് തീരുവ പ്രാബല്യത്തിൽ. യുണൈറ്റഡ് സ്റ്റേറ്റ്സ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനാണ് തീരുവ കൊണ്ടുവന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 15 ശതമാനം തീരുവ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ 10 ശതമാനമാണ് നടപ്പിലാക്കിയത്.
2026 ഫെബ്രുവരി 20 ലെ പ്രസിഡൻഷ്യൽ പ്രോക്ലമേഷൻ സംബന്ധിച്ച് മാർഗനിർദ്ദേശം നൽകുന്നതിനായുള്ള അറിയിപ്പിൽ ഇറക്കുമതികൾക്ക് “10 ശതമാനം അധിക അഡ്വലോറം നിരക്ക്” ബാധകമാകുമെന്ന് യുഎസ് കസ്റ്റംസ് വ്യക്തമാക്കി. 15 ശതമാനമായി തീരുവ ഉയർത്തൽ പിന്നീട് നടപ്പാക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പുതിയ തീരുവ ശേഖരണം അർദ്ധരാത്രി മുതൽ ആരംഭിച്ചുവെന്നും മുമ്പത്തെ തീരുവകൾ റദ്ദാക്കിയിട്ടുണ്ടെന്നും ദ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ സുപ്രീം കോടതി 6-3 ഭൂരിപക്ഷത്തിൽ ട്രംപ് 1977 ലെ നിയമം ഉപയോഗിച്ച് രാജ്യങ്ങൾക്കെതിരെ അപ്രതീക്ഷിതമായി തീരുവ ഏർപ്പെടുത്തിയത് അധികാരപരിധി ലംഘിച്ചതാണെന്ന് വിധിച്ചതോടെ 10 മുതൽ 50 ശതമാനം വരെ ഉണ്ടായിരുന്ന മുൻകാല തീരുവകൾ നിർത്തിവെച്ച് എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കും 10 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, അടുത്ത ദിവസം ഇത് 15 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് അറിയിച്ചു.
തുടർന്ന്, 1974 ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 122 പ്രകാരം 150 ദിവസം വരെ എല്ലാ രാജ്യങ്ങൾക്കുമേൽ പുതിയ തീരുവ ഏർപ്പെടുത്താനുള്ള അധികാരം ഉപയോഗിച്ചാണ് ട്രംപ് 10 ശതമാനം അധിക തീരുവ നടപ്പിലാക്കിയത്. ഈ കാലാവധി നീട്ടാൻ യുഎസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. തിങ്കളാഴ്ച സുപ്രീം കോടതിയുടെ വിധിയെ വിമർശിച്ച ട്രംപ്, ഈ വിധി തനിക്ക് “കൂടുതൽ അധികാരവും ശക്തിയും” നൽകിയതായി അവകാശപ്പെട്ടു. വിദേശ രാജ്യങ്ങൾക്കെതിരെ “കഠിന നടപടികൾ” സ്വീകരിക്കാൻ തനിക്ക് അധികാരം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
New 10% customs duty on all imports into the US; Trump’s announcement of 15% has not yet been implemented















