
കേരളത്തിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതാണ് ഇതിന് കാരണം. ഇതിന്റെ സ്വാധീനഫലമായി ജനുവരി 9, 10 തീയതികളിൽ സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴ മുന്നറിയിപ്പിനെ തുടർന്ന് ജനുവരി 10 ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
യെല്ലോ അലർട്ട് സംബന്ധിച്ച അറിയിപ്പ്
10/01/2026: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












