സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒപി സമയം ഒരു മണിക്കൂർ നീട്ടി, ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം; അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒപി സമയം ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പുതിയ പരിഷ്കാരമനുസരിച്ച് ആശുപത്രികളിലെ ഒപി ഡ്യൂട്ടി സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു. ഇതോടെ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ഒപി പ്രവർത്തിക്കുക. ജനങ്ങൾക്ക് കൂടുതൽ സമയം ചികിത്സാസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഒപി സമയത്തിന് പുറമെ ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്രണ്ടുമാരുടെ ഡ്യൂട്ടി സമയം രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയായും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടേത് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് മണി വരെയായും നിശ്ചയിച്ചു. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് ഈ പുനക്രമീകരണമെന്നാണ് വിശദീകരണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജോലിഭാരം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

പുതുക്കിയ സമയക്രമം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം നിലവിലുള്ളവരുടെ ജോലി സമയം വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ആരോഗ്യമേഖലയിൽ വലിയ സമരത്തിന് ഇത് വഴിവെച്ചേക്കാം.

New working hours in Health Department; OP duty extended, KGMOA to protest

More Stories from this section

family-dental
witywide