
ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 1,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. 2022 ജൂൺ 24-ന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ചന്ദ്രനഗറിൽ ദേശീയപാത ഉപരോധിച്ചതിനാണ് നടപടി. അന്ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ കേസിൽ ഒന്നാം പ്രതിയായിരുന്നു. നേരത്തെ പലതവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായ എംപിക്ക് മജിസ്‌ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.
നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പോലീസ് അന്ന് കേസെടുത്തിരുന്നത്. കേസിൽ ഒമ്പതാം പ്രതിയായിരുന്ന മുൻ കോൺഗ്രസ് നേതാവ് പി. സരിൻ നേരത്തെ കോടതിയിൽ ഹാജരായി 500 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ അനുഭവിച്ചിരുന്നു. നിലവിൽ എൽഡിഎഫിനൊപ്പം പ്രവർത്തിക്കുന്ന സരിൻ ശിക്ഷ സ്വീകരിച്ചിരുന്നെങ്കിലും ഷാഫി ഹാജരാകാത്തതിനാലാണ് നടപടികൾ വൈകിയത്. വിധി പ്രകാരം ഇന്ന് വൈകിട്ട് അഞ്ച് മണി വരെ കോടതിയിൽ തുടരാനാണ് എംപിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.















