വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തെ അമേരിക്കയിൽ എവിടെയാണ് തടവിൽ പാർപ്പിക്കുക എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. മദൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ അമേരിക്കൻ കസ്റ്റഡിയിലാണെന്നും ഇവരെ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുകയാണെന്നും അവിടെ ക്രിമിനൽ കേസുകൾ നേരിടേണ്ടിവരുമെന്നും ഒരു മുതിർന്ന സർക്കാർ വൃത്തം ന്യൂസ്‌നേഷനോട് പറഞ്ഞു.
പിടിയിലായതിന് പിന്നാലെ, മദൂറോ ദമ്പതികൾക്കെതിരെ മയക്കുമരുന്ന് ഭീകരവാദം (നാർക്കോ-ടെററിസം), മയക്കുമരുന്ന് കടത്ത്, ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവ ചുമത്തിയതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി സ്ഥിരീകരിച്ചു. മദൂറോയും അദ്ദേഹത്തിന്റെ ഭാര്യയും ഉടൻ അമേരിക്കൻ നീതിയുടെ മുഴുവൻ ശക്തിയും നേരിടും. അമേരിക്കൻ മണ്ണിൽ അവർ വിചാരണ നേരിടുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
മദൂറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുമെന്ന് ട്രംപ് സൂചന നൽകിയതോടെ, ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റെൻഷൻ സെന്ററിൽ (MDC) അദ്ദേഹത്തെ തടവിലാക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ന്യൂയോർക്കിലെ ഏക ഫെഡറൽ ജയിലാണ് ഇത്. സംഗീത ലോകത്തെ പ്രമുഖനായ ഷോൺ ‘ഡിഡ്ഡി’ കോംബ്സ് ഉൾപ്പെടെ നിരവധി പ്രശസ്തർ നേരത്തെ ഇവിടെ തടവിലായിട്ടുണ്ട്.മെട്രോപൊളിറ്റൻ ഡിറ്റെൻഷൻ സെന്ററിന് മോശം പേരാണുള്ളത്. അക്രമസംഭവങ്ങൾ, കഠിനമായ ജീവിത സാഹചര്യങ്ങൾ, ജീവനക്കാരുടെ കുറവ്, മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളുടെ കടത്ത് എന്നിവയെക്കുറിച്ച് തടവുകാർ പലതവണ പരാതി ഉന്നയിച്ചിട്ടുണ്ട്.
ചില തടവുകാർ ഈ ജയിലിനെ “ഭൂമിയിലെ നരകം” എന്നുപോലും വിശേഷിപ്പിച്ചിട്ടുണ്ട്. ആർ. കെല്ലി, ഗിസ്ലെയ്ന്‍ മാക്‌സ്വെൽ, ക്രിപ്റ്റോ തട്ടിപ്പ് കേസിലെ പ്രതി സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവരും മുൻകാലത്ത് ഇവിടെ തടവിലായിരുന്നു. ഡിഡ്ഡി കോംബ്സും വിചാരണയ്ക്ക് മുമ്പും വിചാരണക്കാലത്തും ഈ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. .
മദൂറോ, ഭാര്യ, അടുത്ത അനുയായികൾ എന്നിവർക്കെതിരെ ന്യൂയോർക്കിലെ സൗതേൺ ഡിസ്ട്രിക്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വെനിസ്വേലയിലെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വലിയ തോതിൽ കൊക്കെയിൻ അമേരിക്കയിലേക്ക് കടത്തുന്ന ദീർഘകാല നാർക്കോ- തീവ്രവാദ ഗൂഢാലോചനയ്ക്ക് മദൂറോ നേതൃത്വം നൽകിയെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. നാർക്കോ- തീവ്രവാദ ഗൂഢാലോചന, കൊക്കെയിൻ ഇറക്കുമതി, മെഷീൻഗണുകളും നാശകാരിയായ ആയുധങ്ങളും കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മദൂറോയുടെ മകൻ നിക്കോളാസ് എർനെസ്റ്റോ മദൂറോ ഗ്വേരയും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Nicolás Maduro could be held at New York’s ‘hell on earth’ jail that once housed Sean ‘Diddy’ Combs













