
കാൻബെറ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡ് തീരത്തുള്ള കെഗാരി ( ഫ്രേസർ ഐലൻഡ്) ദ്വീപിലെ കടൽത്തീരത്ത് പത്തൊൻപതുകാരിയായ കനേഡിയൻ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
പൈപ്പർ ജയിംസ് എന്ന പെൺകുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. രാവിലെ അഞ്ച് മണിയോടെ കടലിൽ നീന്താൻ പോകുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ പൈപ്പറിനെ, ഒന്നര മണിക്കൂറിന് ശേഷം കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തുമ്പോൾ ഓസ്‌ട്രേലിയയിലെ കാട്ടുനായ്ക്കളായ ഡിംഗോകളുടെ ഒരു കൂട്ടം പൈപ്പറിൻ്റെ മൃതദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. പൈപ്പറിൻ്റെ ശരീരത്തിൽ ഇവ കടിച്ചതിൻ്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യുവതിയുടെ മരണം ഡിംഗോകളുടെ ആക്രമണം മൂലമാണോ അതോ കടലിൽ മുങ്ങിയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
കാനഡയിലെ കാംപ്ബെൽ റിവർ സ്വദേശിയായ പൈപ്പർ, ഏകദേശം ആറാഴ്ചയായി ദ്വീപിലെ ഒരു ബാക്ക്പാക്കർ ഹോസ്റ്റലിൽ ജോലി ചെയ്തു വരികയായിരുന്നു. പഠനത്തിന് ശേഷം പൈലറ്റ് ആകാനുള്ള തയ്യാറെടുപ്പിനിടെയാണ് പൈപ്പർ ഓസ്‌ട്രേലിയ സന്ദർശിക്കാനെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
Nineteen-year-old Canadian tourist found dead on Queensland coast, Australia















