
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏഷ്യൻ രാജ്യങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാളിലെ നാദിയ ജില്ലയിൽ കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോർട്ട്. രോഗം ബാധിച്ച രണ്ടുപേരും ആരോഗ്യ പ്രവർത്തകരാണ്.
ഇതോടെ, സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി സിംഗപ്പൂർ വിമാനത്താവളത്തിൽ തെർമൽ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ 196 സമ്പർക്കപ്പട്ടികയിലുള്ളവരെ പരിശോധിച്ചതിൽ എല്ലാവരും നെഗറ്റീവാണെന്നും രോഗബാധ നിയന്ത്രണവിധേയമാണെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു.
ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നതിനാൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.
കഠിനമായ പനി, തലവേദന, ശ്വാസതടസ്സം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നും ശുചിത്വം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു
Nipah in West Bengal; High alert issued in Asian countries, Kerala also on alert















