
ബിഹാർ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14-ന് സ്ഥാനം രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ ഏപ്രിൽ 10-ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിന്റെ ഭാഗമായി അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലെത്തും. പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഏപ്രിൽ 13-ന് നിർണ്ണായക കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്. ബിഹാറിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്.
നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി വരണമെന്ന താൽപ്പര്യം നിതീഷ് കുമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി പദം ദീർഘകാലം ഒഴിഞ്ഞുകിടക്കാൻ പാടില്ലെന്ന നിലപാടിലാണ് അദ്ദേഹം. മുൻപ് നടത്തിയ പൊതുപരിപാടികളിൽ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് കുമാർ വിശേഷിപ്പിച്ചിരുന്നു. ഏപ്രിൽ 15-ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കാനുള്ള പ്രാഥമിക ഒരുക്കങ്ങൾ പട്നയിൽ ആരംഭിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മികച്ച വിജയത്തിന് മാസങ്ങൾക്ക് ശേഷമാണ് ഈ അധികാര കൈമാറ്റം നടക്കുന്നത്. ജെഡിയു-ബിജെപി സഖ്യത്തിനുള്ളിൽ ധാരണയായതിനെത്തുടർന്നാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറുന്നതെന്നാണ് വിവരം. എന്നിരുന്നാലും പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ ബിജെപിക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Nitish Kumar to resign on April 14; Samrat Choudhary likely to be next Bihar CM












