
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) അധ്യക്ഷനുമായ അജിത് പവാർ ഇന്ന് രാവിലെയാണ് തൻ്റെ ജന്മനാടായ ബാരാമതിക്ക് സമീപം വിമാനാപകടത്തിൽ മരിച്ചത്. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം അദ്ദേഹം സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം രാവിലെ 8:10-ഓടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. തുടർന്ന് ഏകദേശം 35 മിനിറ്റുകൾക്ക് ശേഷം ബാരാമതിക്ക് സമീപമുള്ള മലയോര മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
എന്താണ് സംഭവിച്ചത്
അപകടത്തിൽപ്പെട്ട VI-SSK എന്ന ചാർട്ടേഡ് വിമാനം രാവിലെ 08.18-നാണ് ബാരാമതിയുമായി ആദ്യമായി ബന്ധപ്പെട്ടത്. ബാരമതിയിലേക്ക് 30 നോട്ടിക്കൽ മൈൽ അകലെ ആയിരിക്കുമ്പോഴാണ് അടുത്ത റേഡിയോ കോൾ വന്നത്. ആ ഘട്ടത്തിൽ, പൈലറ്റിന്റെ വിവേചനാധികാരത്തിൽ വിഷ്വൽ മെറ്റീരിയോളജിക്കൽ സാഹചര്യങ്ങളിൽ താഴേക്ക് ഇറങ്ങാൻ പൈലറ്റിന് നിർദ്ദേശം നൽകി. താമസിയാതെ, കാറ്റിന്റെയും ദൃശ്യപരതയുടെയും വിശദാംശങ്ങൾ പൈലറ്റുമാർ ചോദിച്ചറിഞ്ഞു. കാറ്റ് ശാന്തമാണെന്നും ദൃശ്യപരത ഏകദേശം 3,000 മീറ്ററാണെന്നും അവരെ അറിയിച്ചു. തുടർന്ന് വിമാനം റൺവേ 11-ൽ ഫൈനൽ അപ്രോച്ചിൽ ആയിരുന്നതായി റിപ്പോർട്ട് ചെയ്തു, എന്നാൽ റൺവേ ദൃശ്യമാകുന്നില്ലെന്ന് പൈലറ്റുമാർ റിപ്പോർട്ട് ചെയ്തു. ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം വീണ്ടും ഉയർത്തുകയും രണ്ടാമതും ലാൻഡിങിനായി ശ്രമിക്കുകയും ചെയ്തു.
ഗോ-എറൗണ്ട് നീക്കത്തിന് ശേഷം, വിമാനത്തിന്റെ സ്ഥാനം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. അവർ വീണ്ടും റൺവേ 11-ൽ ഫൈനൽ അപ്രോച്ചിൽ ആണെന്ന് പൈലറ്റുമാർ പ്രതികരിച്ചു. റൺവേ കാണുമ്പോൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു. റൺവേ നിലവിൽ കാണുന്നില്ല, റൺവേ കാണുമ്പോൾ അറിയിക്കാമെന്ന് പൈലറ്റുമാർ പ്രതികരിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, റൺവേയുമായി ദൃശ്യബന്ധം സ്ഥാപിച്ചതായി അവർ റിപ്പോർട്ട് ചെയ്തു. രാവിലെ 08.43-ന് ലാൻഡിങിനുള്ള അനുമതി നൽകിയെങ്കിലും വിമാനത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും, ഒരു മിനിറ്റിനുള്ളിൽ റൺവേയുടെ അരികിൽ തീജ്വാലകൾ ഉയർന്നതായും അധികൃതർ വ്യക്തമാക്കി.
ബാരാമതി വിമാനത്താവളത്തിലെ റൺവേ 11-ന്റെ ഇടതുവശത്തായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് വിശദമായി പഠിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തേക്ക് അന്വേഷണസംഘം തിരിച്ചിട്ടുണ്ട്.
എട്ട് മുതൽ ഒമ്പത് വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ‘ലിയർജെറ്റ് 45’ എന്ന ചെറുവിമാനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ യാത്ര. വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്ന ബാരാമതി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ വെച്ചാണ് എഡിഎസ്-ബി (ADS-B) സിഗ്നലുകൾ അവസാനമായി ലഭിച്ചത്. വിമാനങ്ങളുടെ സ്ഥാനം, വേഗത, ഉയരം എന്നിവ തത്സമയം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്. പൈലറ്റിന്റെയോ എയർ ട്രാഫിക് കൺട്രോളറുടെയോ ഇടപെടലില്ലാതെ വിമാനം സ്വയം വിവരങ്ങൾ പുറത്തുവിടുന്ന രീതിയാണിത്. വിമാനങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിന് വിമാനത്തിലെ ജിപിഎസ് അല്ലെങ്കിൽ മറ്റ് നാവിഗേഷൻ സംവിധാനങ്ങളെ ഈ സാങ്കേതികവിദ്യ ആശ്രയിക്കുന്നു.
ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ADS-B എക്സ്ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം, സിഗ്നലുകൾ നഷ്ടമാകുമ്പോൾ വിമാനം 1016 മീറ്റർ (ഒരു കിലോമീറ്ററിലധികം) ഉയരത്തിലും മണിക്കൂറിൽ 237 കിലോമീറ്റർ വേഗതയിലുമായിരുന്നു. പ്രാഥമിക വിലയിരുത്തൽ പ്രകാരം വിമാനത്തിന്റെ പാതയിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പറന്നുയർന്ന് പത്ത് മിനിറ്റിനുള്ളിൽ വിമാനം 6 കിലോമീറ്ററിലധികം ഉയരവും മണിക്കൂറിൽ 1036 കിലോമീറ്റർ വേഗതയും കൈവരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ സഞ്ചാരപാതയിൽ വലിയ അസ്വാഭാവികതകളൊന്നും ദൃശ്യമായിരുന്നില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വിമാനത്തിൻ്റെ പാതയിൽ പ്രകടമായ തകരാറുകൾ ഇല്ലാത്തതിനാൽ, അപകടത്തിന് പിന്നിൽ മറ്റ് അട്ടിമറികളോ സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
No abnormalities have been found in the path of the plane carrying Ajit Pawar so far; The tragedy raises questions.










