എൽഡിഎഫ് 3.0 ഉറപ്പ്, 90 ലേറെ സീറ്റുകളോടെ തുടർഭരണം നേടും, സതീശൻ വനവാസത്തിന് പോകരുതെന്നും സിപിഎം സെക്രട്ടറി; ‘വൈറൽ കല്യാണം റിയൽ കേരള സ്റ്റോറി തന്നെ’

കേരളത്തിൽ ഇത്തവണയും എൽഡിഎഫ് വൻ വിജയം കൈവരിക്കുമെന്നും ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ലേയും 2021-ലേയും ഫലം ഇത്തവണയും ആവർത്തിക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും 90-ലധികം സീറ്റുകൾ നേടി എൽഡിഎഫ് തുടർഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്നും ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫും ബിജെപിയും വൻതോതിൽ പണമൊഴുക്കിയതായി ഗോവിന്ദൻ ആരോപിച്ചു. ഉത്തരേന്ത്യൻ മോഡലിലുള്ള ചില രാഷ്ട്രീയ വൈകൃതങ്ങൾ കേരളത്തിലും കാണാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പണം എറിഞ്ഞ് വോട്ട് പിടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ ജനങ്ങൾ വികസനത്തിനൊപ്പമാണ് നിന്നത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫ് കേന്ദ്രങ്ങളിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വരെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണയും ഇത്തരത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതും പേഴ്സണൽ സ്റ്റാഫ് നിയമനവും വരെ ചർച്ച ചെയ്തവർ ഫലം വന്നപ്പോൾ തകർന്നടിഞ്ഞത് കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷമായ പരാമർശങ്ങൾ നടത്തി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സതീശന് തോൽവി സമ്മതിക്കേണ്ടി വരുമെന്നും എന്നാൽ അദ്ദേഹം വനവാസത്തിന് പോകേണ്ടതില്ലെന്നും കേരളം അദ്ദേഹത്തോട് ക്ഷമിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം വിട്ടുപോയവർ ഒരു മണ്ഡലത്തിലും വിജയിക്കാൻ പോകുന്നില്ല. ഇപ്പോൾ നടക്കുന്നത് വെറും അവകാശവാദങ്ങൾ മാത്രമാണ്. കേരളം ആര് ഭരിക്കണമെന്ന് ജനങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. മെയ് നാലിന് വോട്ടെണ്ണുമ്പോൾ അത് വസ്തുനിഷ്ഠമായി തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗോവിന്ദൻ മറുപടി നൽകി. ഈ വിവാഹം ‘കേരള സ്റ്റോറി’ തന്നെയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിവാഹം കഴിക്കാൻ അനുകൂലമായ സാഹചര്യമുള്ളതിനാലാണ് ആ യുവാവും യുവതിയും കേരളത്തിലെത്തിയത്. രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. അതിനാൽ തന്നെ ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No Anti-Incumbency in Kerala; LDF to Secure 90+ Seats and Retain Power, Says MV Govindan

More Stories from this section

family-dental
witywide