മൂന്നാം ലൈംഗിക പീഡനക്കേസിൽ ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മൂന്നാം ലൈംഗിക പീഡനക്കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുന്നത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് എത്തിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.

സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തോട് രാഹുല്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ രാഹുല്‍ എല്ലാം അഭിഭാഷകന്‍ പറയുമെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്.

പരാതിയില്‍ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ പാലക്കാട് കെപിഎം ഹോട്ടലില്‍ വെച്ചായിരുന്നു ഇന്ന് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്തത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. രാഹുൽ യുവതിയെ ക്രൂരമായ ലൈം​ഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

No Bail in Third Sexual Assault Case; Rahul mamkoottathil remanded to jail for 14 days

More Stories from this section

family-dental
witywide