‘അതിവേഗ റെയിലിൽ തിരക്കിട്ട് ഭൂമി ഏറ്റെടുക്കില്ല, കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കില്ല’; സമിതി റിപ്പോർട്ട് പഠിച്ചശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിലയിരുത്തിയ വിദഗ്ധ സമിതിയുടെ ശുപാർശയെത്തുടർന്നാണ് നടപടി. സാമ്പത്തികം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരും ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതി റിപ്പോർട്ട് പഠിച്ച ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു.

കെ-റെയിൽ പദ്ധതിയിൽ സംഭവിച്ച പാളിച്ചകൾ അതിവേഗ റെയിലിന്റെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് വിദഗ്ധ സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കലോ പ്രാരംഭ നിർമ്മാണങ്ങളോ ആരംഭിക്കരുത്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ആഘാതമുണ്ടാക്കുന്ന ഒരു പാരിസ്ഥിതിക ദുരന്തമായി ഈ പദ്ധതി മാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഡി.എം.ആർ.സി സമർപ്പിച്ച റിപ്പോർട്ടിൽ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചും സാമ്പത്തിക മാതൃകയെക്കുറിച്ചും വ്യക്തതയില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. വെറും യാത്രാസേവനം മാത്രം അടിസ്ഥാനമാക്കിയുള്ള മോഡൽ വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ചരക്ക് ഗതാഗത സാധ്യതകളും മെട്രോ, തുറമുഖങ്ങൾ, ജലഗതാഗതം എന്നിവയുമായുള്ള സംയോജനവും ഉൾപ്പെടുത്തി സർക്കാർ സ്വതന്ത്രമായ പഠനം നടത്തണം. ഇത്തരം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഡി.പി.ആർ തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ.

No Immediate Land Acquisition for High-Speed Rail; Decision After Studying Panel Report, Says CM VD Satheesan

More Stories from this section

family-dental
witywide