
അമേരിക്കൻ പൗരന്മാരെ വിവാഹം കഴിക്കുന്നത് വഴി ഗ്രീൻ കാർഡ് ലഭിക്കുന്നത് മൗലികാവകാശമായി കാണാനാവില്ലെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി. ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും അത്തരം തീരുമാനങ്ങളിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്നും ഇമിഗ്രേഷൻ അറ്റോർണി വ്യക്തമാക്കി. വിവാഹം കഴിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതിക്ക് അർഹതയുണ്ടെന്ന് കരുതാനാവില്ലെന്നും ഇമിഗ്രേഷൻ അറ്റോർണി വിവരിച്ചു.
യുഎസ് പൗരനെയോ പൗരയെയോ വിവാഹം കഴിക്കുന്നത് വഴി രാജ്യത്ത് ഗ്രീൻ കാർഡ് ലഭിക്കുമെന്ന് ഇനി ഉറപ്പിക്കാനാവില്ലെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകി. കുടിയേറ്റക്കാർക്കിടയിൽ സ്ഥിരതാമസത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മാർഗങ്ങളിലൊന്നാണ് വിവാഹം വഴിയുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ. എന്നാൽ പുതിയ ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇത്തരം അപേക്ഷകളിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താനാണ് നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് നിയമപ്രകാരം അമേരിക്കൻ പൗരന്മാരുടെ പങ്കാളികൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിലും, അത് ഒരു അവകാശമായി കാണാനാവില്ല. അപേക്ഷകരുടെ വിവാഹം യഥാർത്ഥമാണോ അതോ കുടിയേറ്റ ആനുകൂല്യങ്ങൾ ലക്ഷ്യം വെച്ചുള്ളതാണോ എന്ന് ഉദ്യോഗസ്ഥർ ഇനി മുതൽ സൂക്ഷ്മമായി പരിശോധിക്കും. വിവാഹത്തിന് പിന്നിലെ ഉദ്ദേശശുദ്ധി തെളിയിക്കാൻ മതിയായ രേഖകളും സാഹചര്യങ്ങളും അനിവാര്യമാണെന്ന് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കുന്നു.
പ്രധാനമായും, വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന കാര്യത്തിലായിരിക്കും അധികൃതർ കൂടുതൽ ശ്രദ്ധ നൽകുക. ജോലി സംബന്ധമായ കാരണങ്ങളാലോ പഠനത്തിനായോ പങ്കാളികൾ അകന്നു താമസിക്കുന്നത് ഉദ്യോഗസ്ഥർ പരിഗണിച്ചേക്കില്ല. ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നില്ലെങ്കിൽ അത് വിവാഹ തട്ടിപ്പായി കണക്കാക്കാനും ഗ്രീൻ കാർഡ് അപേക്ഷകൾ തള്ളിക്കളയാനും സാധ്യതയുണ്ട്. നിയമാനുസൃതമായ വിവാഹം എന്നത് പങ്കാളികൾ ഒരേ മേൽവിലാസത്തിൽ താമസിക്കുന്നതാണെന്നാണ് ഇമിഗ്രേഷൻ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നത്. വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള കേസുകളിൽ ബന്ധത്തിന്റെ ആഴവും മൊത്തത്തിലുള്ള സാഹചര്യങ്ങളും വിലയിരുത്തി മാത്രമായിരിക്കും ഇനി മുതൽ തീർപ്പുണ്ടാകുക. കുടിയേറ്റ ആനുകൂല്യങ്ങൾക്കായി മാത്രമാണ് വിവാഹം നടത്തിയതെന്ന് ബോധ്യപ്പെട്ടാൽ അപേക്ഷ നിരസിക്കുന്നതിനൊപ്പം കടുത്ത നിയമനടപടികൾക്കും സാധ്യതയുണ്ട്. പൗരത്വത്തിലേക്കുള്ള എളുപ്പവഴിയായി വിവാഹത്തെ കാണുന്ന രീതി ഇല്ലാതാക്കുകയാണ് പുതിയ മാറ്റങ്ങളിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.














