
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി.യുടെ എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ “അഴിമതി”യെക്കുറിച്ച് പരാമർശിക്കുന്ന അധ്യായത്തിനെതിരെ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഹൈക്കോടതി ജഡ്ജിമാരെല്ലാം ഇതിൽ അസ്വസ്ഥരാണെന്നും, സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിഷയത്തിൽ കോടതി സ്വമേധയാ നടപടിയെടുത്തേക്കും. വിദ്യാഭ്യാസ പാഠപുസ്തകത്തിലൂടെ നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രീകരിക്കുന്നു എന്നത് പരിഗണിച്ചാണ് സുപ്രീം കോടതി ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.
കോടതിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാഷ്ട്രീയക്കാരുടെയും അന്വേഷണ ഏജൻസികളുടെയും അഴിമതിയെക്കുറിച്ച് മിണ്ടാതെ നീതിന്യായ വ്യവസ്ഥയെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയും ഇതിനെതിരെ രംഗത്തെത്തി.
“നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്” എന്ന അധ്യായത്തിലാണ് കോടതികളിലെ അഴിമതിയെയും കെട്ടിക്കിടക്കുന്ന കേസുകളെയും കുറിച്ച് പറയുന്നത്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന കണക്കുകളും പുസ്തകത്തിലുണ്ട്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർക്കെതിരെ 7,528 പരാതികൾ ലഭിച്ചതായി നിയമ മന്ത്രാലയം ഈയിടെ വെളിപ്പെടുത്തിയിരുന്നു.
‘No one will be allowed to defame the judicial system’, Supreme Court says on NCERT controversy















