തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉയർത്തിയ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം വരുന്നതു വരെ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കാര്യത്തിലും ഉറച്ചുനിൽക്കുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡൽഹിയിൽ നിന്ന് അടൂർ പ്രകാശ് ഇന്ന് തിരിച്ചേക്കും. മുഖ്യമന്ത്രിയുമായുള്ള അതൃപ്തി കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് പരസ്യമാക്കിയശേഷമാണ് അടൂർ പ്രകാശ് ഡൽഹിയിൽ എത്തിയത്.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്. ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന ഇല്ലാതെ തീരമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ യുഡിഎഫ് കൺവീനർ ഉന്നയിക്കുന്ന പ്രധാന പരാതി. കഴിഞ്ഞദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് പരാതികൾ ഉന്നയിച്ചിരുന്നു. പാർട്ടിയിൽ പറയേണ്ട കാര്യം അടൂർ പ്രകാശ് പുറത്ത് പറഞ്ഞത് കടുത്ത അച്ചടക്ക ലംഘമെന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ വാദം. അടൂർ പ്രകാശിന് എതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
No public statement; Adoor Prakash awaits High Command decision, likely to return from Delhi today.















