വഴങ്ങാതെ ഹൈക്കമാൻഡ്, ഒടുവിൽ കെ സുധാകരന് സീറ്റില്ല, കടുപ്പിച്ചത് രാഹുൽ ഗാന്ധി; സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ? മാധ്യമങ്ങളെ കാണും

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരൻ എം പിയെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചെന്ന് റിപ്പോർട്ട്. കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെ മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നയം കർശനമായി നടപ്പിലാക്കണമെന്ന് രാഹുൽ ഗാന്ധി സി.ഇ.സി യോഗത്തിൽ ഉറച്ച നിലപാടെടുത്തതോടെയാണ് സുധാകരന്റെ സാധ്യതകൾ മങ്ങിയത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി.

സുധാകരന്റെ കടുത്ത സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം. നേരത്തെ കലാപക്കൊടി ഉയർത്തിയ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നെങ്കിലും, അച്ചടക്കത്തിന് മുൻഗണന നൽകിക്കൊണ്ട് രാഹുൽ ഗാന്ധി നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ സീറ്റിൽ സിറ്റിംഗ് എം.പി കൂടിയായ സുധാകരന് പകരം പ്രാദേശിക നേതാവായ ടി.ഒ. മോഹനനെ പരിഗണിക്കാൻ പാർട്ടി തീരുമാനിച്ചു.

ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെന്നാണ് സൂചന. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം ഉടൻ മാധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്. എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന സുധാകരൻ, സീറ്റ് ലഭിക്കാത്ത പക്ഷം കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ തന്നെ മത്സരരംഗത്തിറങ്ങുന്നത് മുന്നണിക്ക് വലിയ വെല്ലുവിളിയാകും.

No Seat for K. Sudhakaran; Rahul Gandhi Stands Firm as Kannur Likely to Field T.O. Mohanan

More Stories from this section

family-dental
witywide