ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന യുഎസിന്റെ അവകാശവാദത്തിനെതിരെ ശക്തമായി പ്രതികരണവുമായി റഷ്യ. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതൊഴികെ മറ്റാരും അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് വ്യക്തമാക്കി.
ട്രംപ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ചുവെന്ന് പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഇന്ത്യയിലെ മറ്റേതെങ്കിലും നേതാക്കളിൽ നിന്ന് അത്തരമൊരു പ്രസ്താവന ഞാൻ കേട്ടിട്ടില്ല എന്ന് റഷ്യൻ പാർലമെന്റിലെ സ്റ്റേറ്റ് ഡുമയിലെ (ലോവർ ഹൗസ്) ഒരു എംപിയുടെ ചോദ്യത്തിന് മറുപടിയായി ലാവ്റോവ് പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ച പ്രഖ്യാപനത്തിനിടെയാണ് ട്രംപ് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമെന്ന് സൂചിപ്പിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന അധിക 25 ശതമാനം തീരുവ പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങൽ നിർത്തുന്നത് വ്യാപാരകരാറിന്റെ പ്രധാന നിബന്ധനകളിൽ ഒന്നാണെന്നു ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അമേരിക്കയിലും വെനിസ്വേലയിലും നിന്ന് ഊർജ്ജ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് സൂചന നൽകിയിട്ടുണ്ടെങ്കിലും, എണ്ണ വാങ്ങൽ സംബന്ധിച്ച തീരുമാനങ്ങൾ വിപണി സാഹചര്യങ്ങളും ദേശീയ ഊർജ്ജസുരക്ഷയും പരിഗണിച്ചായിരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ മുൻപ് വ്യക്തമാക്കിയിരുന്നു.
“ആര് എന്ത് വാങ്ങണം, എവിടെ നിന്ന് വാങ്ങണം എന്നത് വ്യാപാരകരാറിൽ ചർച്ചയാകില്ല,” എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയും മറ്റ് രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ യുഎസ് സമ്മർദ്ദം ചെലുത്തുകയാണെന്ന് ലാവ്റോവ് ആരോപിച്ചു. “പ്രധാന തന്ത്രപ്രധാന പങ്കാളികളായ ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ, സൈനിക-സാങ്കേതിക ബന്ധങ്ങളെ നിയന്ത്രിക്കാൻ യുഎസ് ശ്രമിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പങ്കാളി രാജ്യങ്ങളെ പിന്തിരിപ്പിച്ച് ഉയർന്ന വിലയ്ക്ക് അമേരിക്കൻ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് വാങ്ങാൻ നിർബന്ധിതരാക്കുകയാണെന്നുമാണ് ലാവ്റോവിന്റെ ആരോപണം. ആഗോള സാമ്പത്തിക മേൽക്കോയ്മയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും, അതിനായി വിവിധ തരത്തിലുള്ള നിർബന്ധന നടപടികൾ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘Not heard from anyone except Trump’: Lavrov on US claims of India halting Russian oil imports










