പേരാമ്പ്രയിൽ പോരാട്ടം കടുക്കുന്നു, ടിപിക്ക് പിന്നാലെ തെഹ്‌ലിയക്കുമെതിരെ പരാതി, സമുദായത്തിന്‍റെ പേരിൽ വോട്ട് തേടിയെന്ന് ആരോപണം; വിശദീകരണം തേടി നോട്ടീസ്

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ നിയമക്കുരുക്കിലേക്ക്. സമുദായത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചെന്ന് ആരോപിച്ച് മൂന്ന് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി (റിട്ടേണിംഗ് ഓഫീസർ) സ്ഥാനാർത്ഥിക്ക് നോട്ടീസ് അയച്ചു. സമാന സ്വഭാവമുള്ള പരാതികളാണ് തഹ്‌ലിയക്കെതിരെ ലഭിച്ചിട്ടുള്ളതെന്നും ഇതിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനെതിരെ വർഗീയ അനൗൺസ്‌മെന്റ് വിവാദം പുകയുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയും സമാനമായ പരാതി ഉയരുന്നത്. എൽഡിഎഫ് പ്രവർത്തകർ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരായ പരാതികൾ റിട്ടേണിംഗ് ഓഫീസർക്ക് രേഖാമൂലം ലഭിച്ചത്. ഇതോടെ മണ്ഡലത്തിലെ പോരാട്ടം ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം നിയമയുദ്ധത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വരണാധികാരി വിശദമായ അന്വേഷണം നടത്തും. സ്ഥാനാർത്ഥി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നടപടികൾ ഉണ്ടായേക്കും. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കെതിരെ ഉയർന്ന ഇത്തരം പരാതികൾ പേരാമ്പ്രയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

Notice issued to UDF candidate Fatima Tahliya for seeking votes in the name of community

More Stories from this section

family-dental
witywide