
മനോവൈകല്യമുള്ളവരെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ദ് നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് (എൻപിആർഡി) എന്ന സംഘടനയാണ് നടനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ സലിം കുമാറിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനമായത്. കേരളത്തിലെ മാറ്റത്തിന് മുന്നിൽ അമേരിക്ക പോലും തോറ്റുപോകുമെന്ന് അമേരിക്കയിൽ നിന്ന് വന്ന യുവാവ് പറഞ്ഞെന്ന മുഖ്യമന്ത്രി പിണറായിയുടെ അവകാശവാദത്തെ പരിഹസിച്ചുള്ള പ്രസംഗമാണ് വിവാദമായത്. ആ യുവാവ് ഊളമ്പാറയിലാണെന്നടക്കം സലീം കുമാർ പ്രസംഗിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ വിമർശിക്കാൻ മാനസിക വെല്ലുവിളി നേരിടുന്നവരെ ഉപമിച്ചതാണ് സംഘടനയെ ചൊടിപ്പിച്ചത്. ഇത് ഭിന്നശേഷിക്കാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സലീം കുമാറിന്‍റെ പ്രസംഗം ഇപ്രകാരം
‘മുഖ്യമന്ത്രിയുടെ ഒരു വാർത്താസമ്മേളനം കുറച്ചുനാൾ മുന്നേ കണ്ടു, അദ്ദേഹത്തിന്റെ ബന്ധുവാണോ, സുഹൃത്താണോയെന്ന് ഞാൻ മറന്നു പോയി. അമേരിക്കയിൽ നിന്ന് വന്ന പയ്യൻ, കേരളത്തിൽ ഇത് എന്തൊരുമാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’ എന്ന് പറഞ്ഞതായാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോ എനിക്ക് സംശയം തോന്നി ആരായിരിക്കും ആ പയ്യൻ , എവിടെയാകും ആ പയ്യൻ അങ്ങനെ ഞാൻ ആ പയ്യനെ അന്വേഷിച്ചു ചെന്നു. ഒടുവിൽ ഞാൻ അവനെ കണ്ടു . നമ്മുടെ ഊളമ്പാറ മാനസികാശുപത്രിയിൽ ആയിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു . എന്താ ഇവിടെ കൊണ്ട് കിടത്തിയത് . അല്ല സലീമിന് അറിയാമല്ലോ, രണ്ടുമൂന്ന് പ്രാവശ്യം സലീം അമേരിക്കയിൽ വന്നതല്ലേ. അപ്പോ ഈ കേരളം കണ്ട് അമേരിക്ക എന്ന് പറയുമ്പോൾ തന്നെ അവന് കുഴപ്പമുണ്ട് എന്ന് മനസ്സിലായില്ലേ.കറന്റ് ഒക്കെ അടിപ്പിച്ചു ആൾ തിരിച്ച് പോയി.
NPRD files complaint with Election Commission against actor Salim Kumar for insulting disabled persons














