
വാഷിങ്ടൺ: അമേരിക്കയിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് രോഗനിയന്ത്രണ കേന്ദ്രമായ സിഡിസി അറിയിച്ചു. ഈ സീസണിൽ ഇതുവരെ കുറഞ്ഞത് 15 മില്യൺ പേർക്ക് പനി ബാധിച്ചിട്ടുണ്ട്. 1.8 ലക്ഷം പേർ പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായി. ഇതിനോടകം പനി ബാധിച്ച്, 7,400 പേർക്ക് ജീവൻ നഷ്ടമായെന്നുമാണ് കണക്കുകൾ.
കുട്ടികളിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ. നാലുവയസ്സിന് താഴെയുള്ള കുട്ടികളുടെ 18 ശതമാനത്തിലേറെ ആശുപത്രി സന്ദർശനങ്ങളും പനി കാരണമെന്നാണ് റിപ്പോർട്ട്. ഇത് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.സ്‌പെഷ്യൽ വാർഡുകൾ പോലും നിറയുന്നു; ഇരിപ്പിടം പോലും കിട്ടാതെ രോഗികളാണ്. മറ്റു സംസ്ഥാനങ്ങളിലും അവസ്ഥ അതേപോലെയാണെന്നും അലാസ്‌കയിലെ അടിയന്തര വിഭാഗ ഡോക്ടർ ആൻ സിങ്ക് പറയുന്നു.
ഈ ആഴ്ച എട്ട് കുട്ടികളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സീസണിലെ ആകെ 17 മരണങ്ങളായി. സി.ഡി.സി കണക്കുകൾ പ്രകാരം 26 സംസ്ഥാനങ്ങളിൽ പനിയുടെ വ്യാപനം ശക്തമാണ്. 16 സംസ്ഥാനങ്ങളിൽ ഉയർന്ന വ്യാപനമാണ്. ഫാർമസികളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പനി– ഛർദി മരുന്നുകളും വീട്ടിൽ ചെയ്യാവുന്ന ടെസ്റ്റുകളും 155% വർധിച്ചുവെന്നാണ്.
ഈ സീസണിൽ കൂടുതലായി കണ്ടുവരുന്നത് H3N2 വകഭേദത്തിന്റെ ‘സബ്‌ക്ലേഡ് K’ ആണ്. കാനഡ, ജപ്പാൻ, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇതേ വകഭേദമാണ് വ്യാപനം കൂട്ടിയത്. ആറുമാസം പ്രായമുള്ളതിൽ നിന്ന് എല്ലാവരും വാർഷിക പനി വാക്സിൻ എടുക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു.
Number of flu cases increasing in US; CDC says 15 million people have been infected















