മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ കുരങ്ങായി ചിത്രീകരിച്ചുള്ള ഒരു വർണവിവേചന വീഡിയോ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച സംഭവത്തിൽ പരോക്ഷമായി പ്രതികരിച്ച് ഒബാമ. മുമ്പ് പൊതുപ്രവർത്തകരെ നയിച്ചിരുന്ന “ലജ്ജ”യും “ സാമാന്യമര്യാദയും” ഇപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ലിബറൽ പോഡ്കാസ്റ്റർ ബ്രയൻ ടൈലർ കോഹനുമായി നടത്തിയ അഭിമുഖത്തിൽ, അമേരിക്കയിലെ രാഷ്ട്രീയ സംഭാഷണത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഒബാമയുടെ പ്രതികരണം. ശനിയാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ, അമേരിക്കയിലെ രാഷ്ട്രീയ “ഡിസ്‌കോഴ്‌സ്” മുൻപെത്തേക്കാൾ ക്രൂരമായ നിലയിലേക്ക് ഇടിഞ്ഞുവെന്നും ഒബാമ അഭിപ്രായപ്പെട്ടു.
കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഐസിഇ (ICE) നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നവരെ “ആഭ്യന്തര ഭീകരർ” എന്ന് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചതും അവതാരകൻ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി ഒബാമ പറഞ്ഞു: “ഇത്തരത്തിലുള്ള പെരുമാറ്റം അമേരിക്കൻ ജനങ്ങളുടെ ഭൂരിഭാഗവും വളരെ ആശങ്കയോടെ കാണുന്നു. ഇതിന് ശ്രദ്ധ ലഭിക്കുന്നുവെന്നത് സത്യമാണ്. ഇത് ഒരു ശ്രദ്ധ തിരിക്കുന്ന ശ്രമവുമാണ്.” അമേരിക്കയിലുടനീളം യാത്ര ചെയ്യുമ്പോൾ “മര്യാദ, സൗഹൃദം, കരുണ” എന്നിവയിൽ ഇപ്പോഴും വിശ്വസിക്കുന്നവരെ താൻ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഒരു തരത്തിലുള്ള കോമഡി ഷോ പോലെയുള്ള അവസ്ഥയാണ് നടക്കുന്നത്.
ഒരിക്കൽ പൊതു പദവിയുടെ മാന്യതയും ആദരവും പാലിക്കേണ്ടതുണ്ടെന്ന ബോധമുണ്ടായിരുന്ന ആളുകളിൽ ഇപ്പോൾ അതിനുള്ള ലജ്ജയോ സാമാന്യ മര്യാദയോ കാണുന്നില്ല. അത് നഷ്ടപ്പെട്ടിരിക്കുന്നു,” എന്നും ഒബാമ പറഞ്ഞു. തന്റെ പ്രതികരണത്തിൽ ട്രംപിന്റെ പേര് നേരിട്ട് പരാമർശിച്ചില്ല. അഭിമുഖത്തിൽ ഒബാമ കുടിയേറ്റ നടപടികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ പ്രശംസിക്കുകയും തെരഞ്ഞെടുപ്പ് മണ്ഡല പുനർവിഭജനത്തെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തു. അടുത്ത വർഷം ഷിക്കാഗോയിൽ തുറക്കാനിരിക്കുന്ന തന്റെ പ്രസിഡൻഷ്യൽ ലൈബ്രറിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ട്രംപ് പങ്കുവെച്ച വീഡിയോയിൽ ഒബാമയെയും ഭാര്യ മിഷെൽ ഒബാമയെയും കുരങ്ങുകളായി കാണിക്കുന്ന ക്ലിപ്പും ഉൾപ്പെട്ടിരുന്നു. ഇത് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ നേതാക്കളും ഉൾപ്പെടെ വ്യാപകമായി വിമർശിച്ചു. വൈറ്റ്ഹൗസ് ആദ്യം ഈ വീഡിയോയെ പിന്തുണച്ച് പ്രതികരണങ്ങളെ “കൃത്രിമ പ്രകോപനം” എന്നു വിശേഷിപ്പിച്ചു. പിന്നീട് ഇത് ഒരു സ്റ്റാഫ് അംഗത്തിന്റെ പ്രവർത്തിയാണെന്ന് വ്യക്തമാക്കി പോസ്റ്റ് നീക്കം ചെയ്തു. 2020ലെ തിരഞ്ഞെടുപ്പിൽ വോട്ടർ തട്ടിപ്പ് നടന്നുവെന്ന അടിസ്ഥാനരഹിത ആരോപണങ്ങൾ ഉൾപ്പെടുത്തിയ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ച 47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് വിവാദ ക്ലിപ്പ് ഉണ്ടായിരുന്നത്.
ഈ ക്ലിപ്പിന് പശ്ചാത്തലമായി “ദി ലയൺ സ്ലീപ്സ് ടുണൈറ്റ്” എന്ന ഗാനവും ഉപയോഗിച്ചിരുന്നു.ഈ പോസ്റ്റ് ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നു പോലും പ്രതിഷേധം ഉയർത്തി. ഏക കറുത്ത വർഗക്കാരനായ റിപ്പബ്ലിക്കൻ സെനറ്റർ ടിം സ്കോട്ട് ഇതിനെ “വൈറ്റ്ഹൗസിൽ നിന്നുള്ള ഏറ്റവും വർണവിവേചനപരമായ കാര്യങ്ങളിൽ ഒന്നാണ്” എന്ന് വിശേഷിപ്പിച്ചു. കറുത്ത വർഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയ വർണവിവേചന രൂപകൽപ്പനകളെ ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. ഒക്ടോബറിൽ ‘സെറിയാസ്’ എന്ന പേരിലുള്ള കൺസർവേറ്റീവ് മീം സ്രഷ്ടാവ് X പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ നിന്നാണ് ഇത് എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോയിലെ ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗം താൻ കണ്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ തെറ്റ് ചെയ്തിട്ടില്ല,” എന്നും അദ്ദേഹം ക്ഷമ ചോദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
Former US President Barack Obama has indirectly addressed a racist video posted on President Donald Trump’s social media, telling a podcast host that the “shame” and “decorum” that once guided public officials is now lost












