
വാഷിംഗ്ടൺ: മിനിയാപൊളിസിലെ ഐ.സി.യു നഴ്‌സായ അലക്സ് പ്രെറ്റിയുടെ കൊലപാതകത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും. ഈ സംഭവത്തെ “ഹൃദയഭേദകമായ ദുരന്തം” എന്നാണ് അവർ വിശേഷിപ്പിച്ചത്.
രാഷ്ട്രീയ ഭേദമന്യേ ഓരോ അമേരിക്കക്കാരനും ഇതൊരു “മുന്നറിയിപ്പ്” ആയിരിക്കണമെന്ന് ഒബാമ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും ഓരോ അമേരിക്കക്കാരനും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോണൾഡ് ട്രംപിൻ്റെ ഭരണകൂടം ഈ സാഹചര്യം കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതകൾ പരിശോധിക്കാതെയാണ് അധികൃതർ പ്രസ്താവനകൾ നടത്തുന്നതെന്നും ദൃക്‌സാക്ഷി വീഡിയോകൾ ഇതിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അലക്സ് പ്രെറ്റിയുടെ കൊലപാതകം ഹൃദയഭേദകമായ ഒരു ദുരന്തമാണ്. പാർട്ടി ഭേദമന്യേ ഓരോ അമേരിക്കക്കാരനും ഇതൊരു ഉണർത്തുപാട്ടായിരിക്കണം; ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ പല പ്രധാന മൂല്യങ്ങളും വർദ്ധിച്ചുവരുന്ന രീതിയിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്,” മുൻ പ്രസിഡൻ്റും പ്രഥമ വനിതയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. “മുഖംമൂടി ധരിച്ച ഐ.സി.ഇ (ICE) ഉദ്യോഗസ്ഥരും മറ്റ് ഫെഡറൽ ഏജന്റമാരും യാതൊരു ശിക്ഷാഭയവുമില്ലാതെ പ്രവർത്തിക്കുന്നതും, അമേരിക്കയിലെ ഒരു പ്രധാന നഗരത്തിലെ താമസക്കാരെ ഭീഷണിപ്പെടുത്താനും ദ്രോഹിക്കാനും പ്രകോപിപ്പിക്കാനും അപകടത്തിലാക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളിൽ ഏർപ്പെടുന്നതും കണ്ട് രാജ്യമൊട്ടാകെയുള്ള ജനങ്ങൾ ശരിയായ രീതിയിൽ തന്നെ പ്രകോപിതരായിട്ടുണ്ടെന്നും” ഒബാമ ചൂണ്ടിക്കാട്ടി.
The killing of Alex Pretti is a heartbreaking tragedy. It should also be a wake-up call to every American, regardless of party, that many of our core values as a nation are increasingly under assault. pic.twitter.com/0JmEsJ1QFW
— Barack Obama (@BarackObama) January 25, 2026
ഫെഡറൽ ഏജൻ്റുമാർക്ക് കഠിനമായ ജോലിയാണുള്ളതെങ്കിലും, അവർ അത് നിയമപരവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ ചെയ്യണമെന്ന് ഒബാമ ആവശ്യപ്പെട്ടു. മിനിയാപൊളിസിൽ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയും, അനീതിക്കെതിരെ ശബ്ദമുയർത്താൻ പൗരന്മാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ നടപടികൾ ക്രൂരവും നിയമവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച ഒബാമ, ഈ രീതിയിലുള്ള അടിച്ചമർത്തലുകൾ ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ടു
Obama condemns anti-immigrant measures in Alex Pretty’s death, slams Trump














