ന്യൂഡൽഹി: ‘അശ്ലീല’ ഉള്ളടക്കം പ്രക്ഷേപണം ചെയ്തെന്നാരോപിച്ച് കേന്ദ്ര സർക്കാർ അഞ്ച് OTT പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്തു. ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ചൊവ്വാഴ്ച നടപടി സ്വീകരിച്ചത്. MoodXVIP, Koyal Playpro, Digi Movieplex, Feel, Jugnu എന്നിവയാണ് നടപടിക്ക് വിധേയമായ പ്ലാറ്റ്‌ഫോമുകൾ. നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണ് ഇവയെ നിരോധിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പൊതുശീലങ്ങൾ സംരക്ഷിക്കുക, ദേശീയ താൽപര്യങ്ങൾ കാക്കുക, മാധ്യമ ധാർമ്മികത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയമങ്ങൾ കൊണ്ടുവന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 2000 ലെ ഐടി നിയമത്തിലെ 69A വകുപ്പ് പ്രകാരം വിവിധ കാരണങ്ങളാൽ ഓൺലൈൻ ഉള്ളടക്കം ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്രത്തിനുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തെന്നാരോപിച്ച് നിരവധി ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്രം നിരോധിച്ചിരുന്നു.
ആ സമയത്ത് ALTBalaji, ULLU, Big Shots App, Desiflix, Boomex, Navarasa Lite, Gulab App തുടങ്ങിയവ ഉൾപ്പെടെ 25 പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ നിയമങ്ങളുടെ ‘ഗൗരവമായ ലംഘനം’ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. ചില പ്ലാറ്റ്‌ഫോമുകളിൽ ലൈംഗിക സൂചനകളും നഗ്നത ഉൾപ്പെടെയുള്ള വ്യക്തമായ ലൈംഗിക ദൃശ്യങ്ങളും അടങ്ങിയ ഉള്ളടക്കമാണ് പ്രക്ഷേപണം ചെയ്തിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ പലതും യാതൊരു സാരമുള്ള കഥാസന്ദർഭമോ സാമൂഹിക സന്ദേശമോ ഇല്ലാത്തതായും റിപ്പോർട്ടുകൾ പറയുന്നു.
ഐടി നിയമത്തിലെ 79(3)(b) വകുപ്പ് പ്രകാരം, നിയമവിരുദ്ധ ഉള്ളടക്കം നീക്കാൻ ഔദ്യോഗിക നോട്ടീസുകൾക്ക് മറുപടി നൽകാത്ത ഇടനിലക്കാരെതിരെ സർക്കാർ നടപടി സ്വീകരിക്കാം. ,വനിതാ-ശിശു വികസനം, ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയങ്ങൾ, നിയമകാര്യ വകുപ്പ്, വ്യവസായ സംഘടനകൾ FICCI, CII, വനിതാ-ശിശു അവകാശ വിദഗ്ധർ തുടങ്ങിയരുമായി നടത്തിയ വ്യാപകമായ ആശയവിനിമയത്തിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
2024 സെപ്റ്റംബറിൽ തന്നെ 25 പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ചിലർ അതിനെ അവഗണിച്ച് പുതിയ ഡൊമെയ്‌നുകളിലൂടെ വിവാദ ഉള്ളടക്കം തുടരുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ചിൽ ബ്ലോക്ക് ചെയ്ത അഞ്ച് പ്ലാറ്റ്‌ഫോമുകൾ പുതിയ വെബ്സൈറ്റുകളിലൂടെ വീണ്ടും അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തതായും കണ്ടെത്തി. 2025 ഫെബ്രുവരിയിൽ ഐടി റൂൾസ് 2021 പ്രകാരമുള്ള എതിക്സ് കോഡ് പാലിക്കണമെന്ന് ഓർമ്മപ്പെടുത്തലും മന്ത്രാലയം നൽകിയിരുന്നു.
‘‘Obscene’ content: Central government blocks five OTT platforms













