ഫ്ലോറിഡയിലെ കിസ്സിമ്മിയിൽ വാടകവീടിന് പുറത്ത് മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.
സംഭവത്തിൽ അയൽവാസിയായ അഹമ്മദ് ജിഹാദ് ബോജെ (29) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും ആയുധം കൊലപാതകത്തിന് ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.14ഓടെ ഇന്ത്യൻ പോയിന്റ് സർക്കിളിലെ വാടകവീട്ടിലേക്ക് പൊലീസ് എത്തുമ്പോഴാണ് മൂന്ന് പുരുഷന്മാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ തകരാറിനെ തുടർന്ന് വാടകവീട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളായിരുന്നു മരിച്ചവരെന്ന് ഷെരീഫ് ക്രിസ്റ്റഫർ ബ്ലാക്ക്മൺ പറഞ്ഞു.
മരിച്ചവരെ മിഷിഗണിലെ ഹോളണ്ടിൽ നിന്നുള്ള റോബർട്ട് ലൂയിസ് ക്രാഫ്റ്റ് (70), ഒഹായോയിലെ കൊളംബസിൽ നിന്നുള്ള അദ്ദേഹത്തിന്റെ സഹോദരൻ ഡഗ്ലസ് ജോസഫ് ക്രാഫ്റ്റ് (68) എന്നിവരായി തിരിച്ചറിഞ്ഞു. മൂന്നാമത്തെ ഇരയുടെ കുടുംബത്തെ ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നതിനാൽ പേര് പിന്നീട് പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷെരീഫ് പറഞ്ഞു. പ്രതി പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന ആളായിരുന്നുവെന്നും, ഇയാളെക്കുറിച്ച് മുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി കസ്റ്റഡിയിലായതിനാൽ പ്രദേശവാസികൾക്ക് ഇനി ഭീഷണിയില്ലെന്നും പൊലീസ് അറിയിച്ചു.
2021ൽ കിസ്സിമ്മിയിലെ ഒരു പെട്രോൾ പമ്പിന് സമീപം വെടിവെപ്പ് നടത്തിയ കേസിൽ ബോജെ നേരത്തെ അറസ്റ്റിലായിരുന്നുവെന്നും, മാനസിക അസ്വസ്ഥതയെ തുടർന്ന് പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നുവെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ബോജെയെ ജാമ്യമില്ലാതെ ഓസിയോല കൗണ്ടി ജയിലിൽ റിമാൻഡ് ചെയ്തു. മൂന്ന് കൊലപാതക കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
One arrested in Florida shooting death of three tourists













