ന്യൂയോർക്ക് സിറ്റിലെ അപ്പാർട്ട്മെൻ്റിലുണ്ടായ ഗ്യാസ് സ്ഫോടത്തിൽ ഒരാൾ മരിച്ചു; 14 പേർക്ക് പരിക്കേറ്റു

ന്യൂയോർക്ക് നഗരത്തിലെ ഒരു ഹൈറൈസ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഗ്യാസ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ബ്രോങ്ക്‌സിലുള്ള 17 നില കെട്ടിടത്തിൽ പുലർച്ചെ 12.30ഓടെ തീപിടിത്തമുണ്ടായത്. മുകളിലെ നിലകളിൽ തീ പടർന്നതോടെ ജനൽ വഴി ആളുകൾ സഹായം തേടുകയും പുറത്തേക്ക് ചാടുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

15 ഉം 16 ഉം നിലകളിൽ ഗ്യാസ് മണം അനുഭവപ്പെട്ടതായി പരാതികൾ ലഭിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം സംഭവിച്ചതെന്ന് ഫയർ ഡിപ്പാർട്ട്‌മെന്റ് ചീഫ് ജോൺ എസ്പോസിറ്റോ പറഞ്ഞു. ഏകദേശം പന്ത്രണ്ടോളം ഫ്ലാറ്റുകൾക്ക് വലിയ നാശനഷ്ടം ഉണ്ടായതായും 16-ാം, 17-ാം നിലകളിലായി പത്ത് അപ്പാർട്ട്‌മെന്റുകളിൽ തീപിടിത്തമുണ്ടായതായും അദ്ദേഹം അറിയിച്ചു.

അതേസമയം, മരിച്ചയാളുടെ വിവരങ്ങൾ ഉടൻ പുറത്തുവിട്ടിട്ടില്ല. ഒരാൾ ഗുരുതരാവസ്ഥയിലും, അഞ്ച് പേർക്ക് സാരമായ പരിക്കുകളും എട്ട് പേർക്ക് ചെറിയ പരിക്കുകളും ഉണ്ടായതായി അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പ്രകൃതി വാതക സംവിധാനവുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കി പരിശോധന നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

ഈ കെട്ടിടം മുൻപ് ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടെ കീഴിലായിരുന്നെങ്കിലും 2024 മുതൽ സ്വകാര്യ മാനേജ്മെന്റിലാണ് പ്രവർത്തിക്കുന്നത്.“ഇത് അതീവ ദാരുണമായ ദുരന്തമാണ്. അപകടബാധിതരായ കുടുംബങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളും ഉണ്ടെന്ന് ഹൗസിംഗ്, പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി മേയർ ലെയ്‌ല ബോസോർഗ് പറഞ്ഞു.

മേയർ സോഹ്രാൻ മംദാനി കെട്ടിടത്തിലെ എല്ലാ യൂട്ടിലിറ്റി സേവനങ്ങളും നിർത്തിവച്ചതായും, 148 അപ്പാർട്ട്‌മെന്റുകളിലെ താമസക്കാരെ ഒഴിപ്പിച്ചതായും അറിയിച്ചു. സമീപത്തെ ഒരു സ്കൂളിൽ താൽക്കാലിക ക്യാമ്പ് ഒരുക്കിയതായും, റെഡ് ക്രോസ് താമസവും മറ്റ് സഹായങ്ങളും നൽകുന്നതായും അറിയിച്ചു. ഇത് അവർക്കെല്ലാം ഭയാനകവും വേദനാജനകവുമായ ഒരു രാവിലെയായിരുന്നു. അവർ ഒറ്റക്കല്ല. നഗരം അവർക്കൊപ്പം നിൽക്കുമെന്ന് മേയർ പറഞ്ഞു.

200-ലധികം അഗ്നിശമന–രക്ഷാപ്രവർത്തക സംഘങ്ങളാണ് സ്ഥലത്ത് പ്രവർത്തിച്ചത്. സ്‌ഫോടനസമയത്ത് ചില അഗ്നിശമന സേനാംഗങ്ങൾ ലിഫ്റ്റിൽ കുടുങ്ങിയതായും അധികൃതർ പറഞ്ഞു.“പരിക്കുകൾ ഉണ്ടായി. അതീവ തണുപ്പുള്ള ഒരു രാത്രിയിൽ നടന്ന അത്യന്തം വെല്ലുവിളിയേറിയ രക്ഷാപ്രവർത്തനമായിരുന്നു ഇത്,” ഫയർ കമ്മീഷണർ ലില്ലിയൻ ബോൻസിഗ്നോർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടെ കീഴിലുള്ള പഴകിയ കെട്ടിടങ്ങളിൽ ഏകദേശം അഞ്ച് ലക്ഷം പേരാണ് താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹൗസിംഗ് അതോറിറ്റിയാണ് NYCHA.

One dead, 14 injured in gas explosion at New York City apartment