സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കങ്ങളെ ശക്തമായി ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്നും റഷ്യയും ചൈനയും ഈ പ്രദേശത്തിന് മേൽ കണ്ണുവെച്ചിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർട്ടിക് മേഖലയിലെ അമേരിക്കയുടെയും നാറ്റോയുടെയും സുരക്ഷയ്ക്ക് ഗ്രീൻലൻഡിന്റെ നിയന്ത്രണം അത്യന്താപേക്ഷിതമാണെന്ന് വാദിച്ച ട്രംപ്, ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശം നിലവിൽ സുരക്ഷിതമല്ലെന്നും അവകാശപ്പെട്ടു.
ഗ്രീൻലൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് നാറ്റോ സഖ്യത്തിന് ഭീഷണിയല്ലെന്നും മറിച്ച് സഖ്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഗ്രീൻലൻഡിനെ ഒരു ‘യുഎസ് ടെറിട്ടറി’യായി ചിത്രീകരിക്കുന്ന പോസ്റ്റ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഡെന്മാർക്കുമായി ഉടൻ ചർച്ചകൾ തുടങ്ങാനാണ് അമേരിക്കയുടെ നീക്കം.
ലോകത്തെ എട്ട് പ്രധാന യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്ന വിസ്മയിപ്പിക്കുന്ന അവകാശവാദവും ട്രംപ് ദാവോസിൽ ആവർത്തിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം, അസർബൈജാൻ-അർമേനിയ തർക്കം എന്നിവ പരിഹരിക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക ശക്തിയും സൈനിക കരുത്തും ലോക സമാധാനത്തിന് അനിവാര്യമാണെന്നും താൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ അമേരിക്ക വീണ്ടും ലോകത്തിന്റെ ഗതി നിയന്ത്രിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.













