ഓപ്പറേഷൻ ‘സുഭാഷ്’ വിജയകരം; ഒടുവിൽ കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷ

കൊച്ചി: കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്താനായി നടപ്പാക്കിയ ഓപ്പറേഷൻ ‘സുഭാഷ്’ വിജയകരം. ഞായറാഴ്ച പുലർച്ചെ 1.30-ഓടെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ കുടുങ്ങിയ സുഭാഷെന്ന് ഓമനപ്പേരിട്ടുവിളിച്ച പൂച്ചയെ ഗാന്ധിനഗർ അഗ്നിരക്ഷാസേനാംഗങ്ങളും ആനിമൽ റെസ്ക്യൂ ടീമംഗങ്ങളും താഴെയെത്തിച്ചു. പൂച്ചയെ ആനിമൽ റെസ്ക്യൂ അംഗങ്ങൾ കൊണ്ടുപോയതായാണ് വിവരം.

മെട്രോ പില്ലറിൽ രണ്ടാഴ്ചയായി ‘സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു. പൂച്ചയെ രക്ഷിക്കുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടവും പരിസരത്ത് തടിച്ചുകൂടിയിരുന്നു. പൂച്ചയെ രക്ഷിച്ച് താഴേക്കിറക്കിയതോടെ ജനക്കൂട്ടം കൂവിയും കൈകളടിച്ചും സന്തോഷം പങ്കിട്ടു. രക്ഷാപ്രവർത്തനത്തിനിടയിൽ ബാനർജി റോഡിൽ ഉണ്ടായ വാഹനഗതാഗതകുരുക്കും ജനങ്ങൾ തന്നെ മുൻകൈയെടുത്ത് നിയന്ത്രിച്ചു.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ക്രെയിനും അനിമൽ റെസ്ക്യൂ വാഹനവുമെല്ലാമായി പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിന് തുടക്കംകുറിച്ചത്. രക്ഷാദൗത്യത്തിനിടെ കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു. സ്റ്റേഡിയം സ്റ്റേഷനുമുന്നിലെ റോഡിൽ ഗതാഗതത്തിനും നിയന്ത്രണമുണ്ടായിരുന്നു.

പൂച്ചയെ ആദ്യം കണ്ടത് മെട്രോ ജീവനക്കാരാണ്. മുകളിൽനിന്നും താഴെയിറക്കാൻ ഇവർ വഴികൾ പലതും നോക്കി. പക്ഷേ, രക്ഷയുണ്ടായില്ല. ഇതിനിടെ പില്ലറിൽനിന്നും താഴെ റോഡിലേക്കും എത്തിനോക്കാൻ തുടങ്ങിയതോടെ സമീപത്തെ ഓട്ടോക്കാരുടെയും ശ്രദ്ധയിൽപ്പെട്ടു. താഴേക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മെട്രോ ജീവനക്കാർ ഭക്ഷണവും വെള്ളവും നൽകാൻ തുടങ്ങി. ആളെ കാണുമ്പോൾ പൂച്ച തൂണിന്റെ ഇടയിലേക്ക് ഓടിമറയും. വെള്ളിയാഴ്ചയാണ് അനിമൽ റെസ്ക്യൂ സംഘത്തെ വിവരമറിയിക്കുന്നത്.

ശനിയാഴ്ച രാവിലെ ആവശ്യമായ സജ്ജീകരണങ്ങളുമായി ഇവരെത്തിയെങ്കിലും പൂച്ചയെ കാണാനായില്ല. എന്നാൽ ഇതിനിടെ പൂച്ച അവശനിലയിലാണെന്ന സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് പൂച്ചയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും സ്റ്റേഡിയം പരിസരത്ത് എത്തി. ഇതോടെ രക്ഷാദൗത്യം വീണ്ടും വേഗത്തിലായി. ഹൈഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പൂച്ചയെ താഴെയിറക്കാനുള്ള ശ്രമം.

ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽനിന്ന് എട്ടുപേരടങ്ങുന്ന സംഘവും സ്ഥലത്തെത്തി. ഇവർ ലിഫ്റ്റിൽ മെട്രോ തൂണിന് മുകളിലേക്ക് എത്തി. എന്നാൽ പരിശോധന തുടർന്നാൽ മെട്രോ സർവീസ് വീണ്ടും തടസ്സപ്പെടുമെന്നത് കണക്കിലെടുത്ത് രക്ഷാപ്രവർത്തനം രാത്രിയിലേക്ക് മാറ്റുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിൽ ഗുഹയിലേക്ക് വീണു പോയ കഥാപാത്രത്തെ ഓർമ്മിച്ച് പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടതും ഓട്ടോക്കാരാണ്.

Operation ‘Subhash’ successful; Cat stuck in Kochi Metro pillar finally rescued

More Stories from this section

family-dental
witywide