ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സഭാനടപടികളിൽ സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷാംഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും ആരോപിച്ചാണ് ‘ഇന്ത്യ’ സഖ്യം സംയുക്തമായി നോട്ടീസ് നൽകിയത്. ലോക്സഭാ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ പ്രമേയത്തിനുള്ള നോട്ടീസ് കൈമാറിയത്. ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ നിരയെ പ്രകോപിപ്പിച്ച സ്പീക്കറുടെ ചില പരാമർശങ്ങളും നടപടികളുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് പ്രതിപക്ഷത്തെ നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം നിരവധി തവണ തടസപ്പെടുത്തിയെന്നും മൈക്ക് ഓഫാക്കി എന്നും നോട്ടീസിൽ വിവരിച്ചിട്ടുണ്ട്.
സഭയിൽ ചർച്ചകൾ അനുവദിക്കുന്നില്ലെന്നും മൈക്ക് ഓഫാക്കി പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്നുവെന്നും നോട്ടീസിൽ ആരോപിക്കുന്നുണ്ട്. ഭരണപക്ഷത്തിന് വിടുപണി ചെയ്യുന്ന രീതിയിലാണ് സ്പീക്കറുടെ പ്രവർത്തനമെന്നും ഭരണഘടന അനുശാസിക്കുന്ന നിഷ്പക്ഷത അദ്ദേഹം പാലിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്പീക്കർക്കെതിരെയുള്ള ഈ അവിശ്വാസ നീക്കം പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരിന് വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമേ സ്പീക്കറുടെ ഭാവി തീരുമാനിക്കപ്പെടൂ.
അതേസമയം, പ്രതിപക്ഷത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരണപക്ഷം പ്രതികരിച്ചു. സഭാനടപടികൾ തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സ്പീക്കർ ചട്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. സഭയിൽ ഭൂരിപക്ഷമുള്ള എൻഡിഎക്ക് അവിശ്വാസ പ്രമേയത്തെ എളുപ്പത്തിൽ മറികടക്കാനാവുമെങ്കിലും, സ്പീക്കറുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത് സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാണ്. വരും ദിവസങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്ധമാകാനാണ് സാധ്യത.
പാർലമെന്റ് നടപടിക്രമങ്ങൾ അനുസരിച്ച് 14 ദിവസത്തെ നോട്ടീസ് കാലയളവിന് ശേഷമായിരിക്കും പ്രമേയത്തിന്മേലുള്ള ചർച്ചകൾ നടക്കുക. കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണയോടെ മാത്രമേ പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിക്കൂ. പ്രതിപക്ഷ നിര ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ പ്രമേയം അവതരിപ്പിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടാകില്ല. എങ്കിലും വോട്ടെടുപ്പിൽ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
Opposition Files No-Confidence Motion Against Lok Sabha Speaker Om Birla










