
വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ നിയമപരിഷ്കാരങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളെയും സന്നദ്ധ സംഘടനകളെയും വലിയ തോതിൽ ബാധിക്കുമെന്നും അവരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ലൈസൻസ് പുതുക്കുന്നതിലെ ചെറിയ ഭരണപരമായ കാലതാമസം പോലും സംഘടനകളുടെ ആസ്തികൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജീവജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നും പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു
വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി വിവിധ സഭാ അധ്യക്ഷന്മാരും രംഗത്തെത്തിയിട്ടുണ്ട്. വിദേശ സഹായത്തെ ദേശവിരുദ്ധ പ്രവർത്തനമായി കാണുന്നത് വേദനാജനകമാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രതികരിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിനുമാണ് വിദേശ ഫണ്ട് ഉപയോഗിക്കുന്നത്. നിലവിൽ തന്നെ കർശനമായ ഉപാധികൾ ഉള്ളപ്പോൾ ഇത്തരമൊരു നിയമഭേദഗതി എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഓശാന ഞായർ ദിനത്തിലാണ് സഭാ നേതൃത്വം തങ്ങളുടെ ആശങ്ക പരസ്യമാക്കിയത്.
അതേസമയം, നിയമഭേദഗതിയെ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് എൽഡിഎഫും യുഡിഎഫും. എന്നാൽ ഈ ബിൽ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശദീകരിച്ചു. വിഷയത്തിൽ സിബിസിഐ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും കെസിബിസി അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ അറിയിച്ചു. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കിടെ വന്ന ഈ നിയമഭേദഗതി രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Opposition leader and Church heads raise concerns over FCRA amendments













