
തിരുവനന്തപുരം: കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ സിപിഎം–ബിജെപി രഹസ്യ ധാരണയുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും റാന്നിയിലും ഇത്തരത്തിൽ വോട്ട് കച്ചവടത്തിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇത്തവണ ജനങ്ങൾ ഇത്തരം ഡീലുകളെല്ലാം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്നായിരുന്നു ഇന്നലെ വി ഡി സതീശൻ ആരോപിച്ചിരുന്നത്. ഡീല്‍ ആരോപണം ബി ജെ പിയും, സി പി എമ്മും തള്ളുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്. ഒന്നാം നമ്പര്‍ കാര്‍ ഒഴിവാക്കി ആര്‍ എസ് എസുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977ല്‍ ആര്‍ എസ് എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങള്‍ക്ക് പറയേണ്ടിവരുമെന്നും വി ഡി സതീശൻ പറഞ്ഞു. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
തൃശൂർ ലോക്സഭാ സീറ്റിലെ ബിജെപി വിജയത്തിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ ആരോപണവും സതീശൻ ഉന്നയിച്ചു. “കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി പിടിമുറുക്കിയത് തൃശൂർ സീറ്റ് ബിജെപിക്ക് ഉറപ്പാക്കാനായിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെ ഇഡി എവിടെയും പോകാതെയായി. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഈ ഒത്തുകളി ഇപ്പോൾ വ്യക്തമായിരിക്കുകയാണ്,” അദ്ദേഹം കുറ്റപ്പെടുത്തി.
പത്ത് വർഷത്തെ ദുർഭരണത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നും കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ജനങ്ങൾ വീണ്ടും തെളിയിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ തരംഗത്തിൻ്റെ പ്രതിഫലനമാകുമെന്നും യുഡിഎഫിന് വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Opposition leader V.D. Satheesan reiterates allegations of secret understanding between CPM and BJP in various constituencies in Kerala












