
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നും പൂച്ച പെറ്റു കിടക്കുന്ന ഖജനാവും വിശ്വാസ്യത തകർന്ന ധനകാര്യ മാനേജ്മെൻ്റുമാണുള്ളത്. പത്തുവർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷമാണിതെന്നും കേരളത്തിലെ സാമ്പത്തിക രംഗം പരിതാപകരമായ അവസ്ഥയിലാണെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കാനുള്ള പൊളിറ്റിക്കൽ ഡോക്യുമെന്റ് ആക്കി ബജറ്റിനെ മാറ്റി. സംസ്ഥാനത്ത് 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും 10 വർഷം പൂർണമായും പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ് ഇതെന്നും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയതെന്നും വിഡി സതീശൻ പറഞ്ഞു.
ബജറ്റിൽ തോന്നിയതുപോലെ പ്രഖ്യാപിക്കുകയും പിന്നീട് അത് നടപ്പാക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. 2500 രൂപക്ഷേമ പെൻഷൻ ആക്കി വർധിപ്പിക്കുമെന്ന് പറഞ്ഞാണ് അധികാരത്തിൽ വന്നത്. നാലേമുക്കാൽ കൊല്ലക്കാലം ചില്ലി കാശുകൊടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് 400 രൂപ കൂട്ടി. ഇപ്പോൾ വർധനവില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള ഒന്നാം സംസ്ഥാനം കേരളമാണ്. വിപണി ഇടപെടലിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
ഇവർ അധികാരത്തിൽ വരില്ലെന്ന് ഇവർക്ക് നന്നായി അറിയാം. ഇപ്പോഴാണ് ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുന്നത്. ഇത്രയും കാലം ശമ്പള കമ്മീഷന് നിയമിച്ചില്ല .പോകുന്ന പോക്കിൽ ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുകയാണ്. അതിൻറെ ശുപാർശ നടപ്പാക്കേണ്ടത് അടുത്ത സർക്കാർ. ശമ്പള പരിഷ്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അടുത്ത സർക്കാരിനാണ്. ഈ ബജറ്റിന് ഒരു പ്രസക്തിയും ഇല്ല. ഇത് നടപ്പിലാക്കാൻ പോകുന്ന ബജറ്റ് അല്ല. 2026-2027 ലേക്കുള്ള ബജറ്റ് യുഡിഎഫ് സർക്കാർ അവതരിപ്പിക്കും. അതാണ് കേരളത്തിൽ അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കാൻ പോകുന്നതെന്നും വിഡി സതീശൻ സതീശൻ കൂട്ടിച്ചേർത്തു.
Opposition leader VD Satheesan criticizes Kerala budget 2026











