ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ കൂടി സുപ്രീം കോടതി പരിഗണിക്കുന്നത് വജ്രായുധമാക്കാൻ പ്രതിപക്ഷം. സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാനാണ് യുഡിഎഫിൻ്റെ നീക്കം. വിഷയത്തിൽ, യുവതീ പ്രവേശനത്തിന് വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശക്തിയായ പ്രതിഷേധം ഉണ്ടായതിന് ശേഷം പതുക്കെ അതില്‍ നിന്ന് പിന്‍വലിഞ്ഞു. പിന്നീട് വീടുകളില്‍ കയറി മാപ്പ് പറയുന്ന സ്ഥിതി വരെയുണ്ടായി. ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം നടത്തി എല്ലാത്തില്‍ നിന്നും പിന്മാറുകയാണെന്ന രീതിയില്‍ പ്രഖ്യാപിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
എന്നാൽ, സുപ്രീംകോടതിയില്‍ ഈ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം നേരത്തെ കൊടുത്തിട്ടുണ്ട് . അത് മാറ്റി ഒരു സത്യവാങ്മൂലം കൊടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതില്‍ ഒളിച്ചുകളി പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായിട്ട് പറയണം. സ്ത്രീ പ്രവേശനത്തിന് ഇപ്പോഴും സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ? അനുകൂലിക്കുന്നുണ്ടെങ്കില്‍ ഈ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കണമെന്നും അനുകൂലിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും യഥാര്‍ഥത്തില്‍ എന്താണ് നിലപാടെന്ന് ഇപ്പോഴാണ് വ്യക്തമാകാന്‍ പോകുന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.
അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഇതുവരെ സര്‍ക്കാര്‍ തിരുത്തിയിട്ടില്ലെന്നും തിരുത്തണമെന്നുള്ളത് കേരളത്തിന്റെ ആവശ്യമാണെന്നും തിരുത്തിയിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് അറിയണമെന്നും മുന്‍ നിലപാട് തിരുത്തുമോ എന്ന് അറിയാന്‍ താത്പര്യമുണ്ടന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന് യുവതികള്‍ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതെന്നും നിലപാട് മാറ്റം ഉണ്ടെങ്കില്‍ പറയാന്‍ ധൈര്യം കാണിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Opposition once again uses Sabarimala women’s entry as a weapon; Congress leaders respond









