അമേരിക്കൻ ടെക് ഭീമനായ ഓറക്കിൾ ആഗോളതലത്തിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ ഭാഗമായി ഇന്ത്യയിൽ ഏകദേശം 12,000 പേർക്ക് ജോലി നഷ്ടമായി. അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ മറ്റൊരു പിരിച്ചുവിടൽ ഘട്ടവും ഉണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഓസ്റ്റിൻ ആസ്ഥാനമായ ഓറക്കിൾ ലോകമെമ്പാടുമായി ഏകദേശം 30,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിൽ വലിയൊരു വിഹിതം ഇന്ത്യയിൽ നിന്നാണ്.
“ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കമ്പനി അടുത്തിടെ തന്നെ മറ്റൊരു വലിയ പിരിച്ചുവിടലിനും തയ്യാറെടുക്കുന്നു,” എന്ന് പിരിച്ചുവിടലിൽ ബാധിതരായവർ പി.ടി.ഐയോട് പ്രതികരിച്ചു. ജീവനക്കാരെ അറിയിച്ച ഇമെയിലിൽ, സംഘടനാത്മക മാറ്റങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് നടപടി സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി. ഇതിന്റെ ഫലമായി നിലവിലുള്ള ചില സ്ഥാനങ്ങൾ ഒഴിവാക്കപ്പെടുന്നതായി അറിയിപ്പിൽ പറയുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയിൽ ഓറക്കിളിന് ഏകദേശം 30,000 ജീവനക്കാരുണ്ട്. 2025 മെയ് മാസത്തോടെ ആഗോളതലത്തിൽ കമ്പനിയ്ക്ക് 1.62 ലക്ഷം മുഴുവൻ സമയ ജീവനക്കാരുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഓറക്കിൾ തയ്യാറായിട്ടില്ല.പിരിച്ചുവിട്ട ജീവനക്കാർക്ക് ഒരു വർഷം സേവനം പൂർത്തിയാക്കിയവർക്ക് 15 ദിവസത്തെ ശമ്പളം, ഒരു മാസത്തെ നോട്ടീസ് കാലയളവിന്റെ ശമ്പളം, ലീവ് എൻകാഷ്മെന്റ്, ഗ്രാച്ച്വിറ്റി എന്നിവ ഉൾപ്പെടുന്ന പാക്കേജ് നൽകിയതായി റിപ്പോർട്ടുണ്ട്.
കൂടാതെ രണ്ട് മാസത്തെ അധിക ശമ്പളവും നൽകുന്നുവെന്ന് സൂചന. എന്നാൽ, സ്വമേധയാ രാജിവെക്കുന്ന ജീവനക്കാർക്കേ ഈ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളുവെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, ഓറക്കിളിന്റെ മുൻ ജീവനക്കാരനായ മെരുഗു ശ്രീധർ, ഇന്ത്യയിൽ നടപ്പാക്കിയ 16 മണിക്കൂർ ജോലിസമയത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് തന്നെ പിരിച്ചുവിട്ടതായി ആരോപിച്ചു. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരും ഈ നടപടിയിൽ ബാധിതരായിട്ടുണ്ടെന്നും, അവിടുത്തെ തൊഴിൽനിയമങ്ങൾ കർശനമായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു.
Oracle lays off 12,000 people in India; more layoffs likely soon










