കാനഡയിൽ 10 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് നിയമപരമായ പദവി നഷ്ടപ്പെടാൻ പോകുന്നു, വൻ പ്രതിഷേധത്തിന് കളമൊരുങ്ങുന്നു; കാരണമിതാണ്

ഒട്ടാവ : കാനഡയിൽ വൈകാതെ ഒരു ദശലക്ഷത്തിലധികം (10 ലക്ഷം) ഇന്ത്യക്കാർക്ക് നിയമപരമായ പദവി നഷ്ടപ്പെടാൻ സാധ്യത.

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) കണക്കുകൾ പ്രകാരം, 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകളുടെ കാലാവധി അവസാനിച്ചു. 2026-ൽ മാത്രം മറ്റൊരു 9.27 ലക്ഷം പെർമിറ്റുകൾ കൂടി അവസാനിക്കാനിരിക്കുകയാണ്. ഇതോടെ, രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണത്തിൽ കാനഡയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 2026 പകുതിയോടെ കാനഡയിൽ നിയമപരമായ രേഖകളില്ലാതെ കഴിയുന്നവരുടെ എണ്ണം 20 ലക്ഷത്തിൽ അധികമാകുമെന്നും ഇതിൽ പകുതിയോളം ഇന്ത്യക്കാരായിരിക്കുമെന്നുമാണ് കുടിയേറ്റ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

താൽക്കാലിക താമസക്കാരുടെ (Temporary Residents) എണ്ണം രാജ്യത്തെ ആകെ ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ കാനഡ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വർക്ക് പെർമിറ്റുകളുടെയും സ്റ്റഡി പെർമിറ്റുകളുടെയും എണ്ണത്തിൽ വലിയ വെട്ടിക്കുറയ്ക്കലുകൾ വരുത്തിയത് ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാണ്. വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നവർക്ക് സാധാരണയായി സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷ നൽകി പദവി നിലനിർത്താമായിരുന്നു. എന്നാൽ പുതിയ നയങ്ങൾ പ്രകാരം പി.ആർ. അപേക്ഷകർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയും വാർഷിക ലക്ഷ്യങ്ങൾ കുറയ്ക്കുകയും ചെയ്തതോടെ പലർക്കും പദവി നഷ്ടപ്പെടാനുള്ള സാഹചര്യം ഉടലെടുത്തു.

കൂടാതെ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാനഡ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കുന്നു. പഠനത്തിന് ശേഷം ലഭിക്കുന്ന വർക്ക് പെർമിറ്റുകൾക്കുള്ള (PGWP) യോഗ്യതകളിലും മാറ്റങ്ങൾ വരുത്തിയതും വിനയായി.

താൽക്കാലിക വിസ കാലാവധി കഴിയുന്നവരിൽ പലരും അഭയത്തിനായി (Asylum) അപേക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം അപേക്ഷകൾ വ്യാപകമായി തള്ളിക്കളയുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ നിയമവിരുദ്ധമായി രാജ്യത്ത് തുടരേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് വലിയൊരു സാമൂഹിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ, നൗജവാൻ സപ്പോർട്ട് നെറ്റ്‌വർക്ക് (Naujawan Support Network) പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ കാനഡയിലെ കുടിയേറ്റ തൊഴിലാളികൾ ജനുവരിയിൽ വലിയ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയാണ്. വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുന്നതും സ്ഥിരതാമസത്തിനുള്ള (PR) അവസരങ്ങൾ കുറയുന്നതും മൂലം ആയിരക്കണക്കിന് തൊഴിലാളികൾ നാടുകടത്തൽ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കാലാവധി കഴിയാറായ പെർമിറ്റുകൾ പുതുക്കി നൽകാൻ സർക്കാർ തയ്യാറാകണം, കുടിയേറ്റക്കാർക്ക് കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം,
തൊഴിൽ ചൂഷണം അവസാനിപ്പിക്കുക, വേതനം നൽകാതിരിക്കുക, ജോലിസ്ഥലത്തെ പീഡനം എന്നിവയ്‌ക്കെതിരെ കർശന നടപടി വേണം തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യം. കനേഡിയൻ സർക്കാരിന്റെ കുടിയേറ്റ നയങ്ങളിൽ വന്ന മാറ്റങ്ങൾക്കെതിരെയും ‘സ്റ്റാറ്റസ് ഫോർ ഓൾ’ (Status for All) എന്ന മുദ്രാവായമുയർത്തിയും മൈഗ്രറ്റ് റൈറ്റ്സ് നെറ്റ്വർക്ക് പോലുള്ള സംഘടനകളും ഈ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ജനുവരിയിൽ വിവിധ നഗരങ്ങളിൽ റാലികളും പ്രകടനങ്ങളും നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Over 1 million Indians in Canada are about to lose their legal status.

More Stories from this section

family-dental
witywide