
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പുകയില വ്യവസായിയുടെ മകൻ ഓടിച്ച അമിതവേഗതയിലെത്തിയ ലംബോർഗിനി കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ച് ആറിലധികം പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെ കാൺപൂരിലെ വിഐപി റോഡിലായിരുന്നു സംഭവം.
പ്രമുഖ പുകയില വ്യാപാരിയായ കെ.കെ മിശ്രയുടെ മകൻ ശിവം മിശ്രയാണ് (45) കാർ ഓടിച്ചിരുന്നത്. 10 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി റെവുവെൽറ്റോ ആണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലെത്തിയ കാർ ആദ്യം ഒരു ഓട്ടോറിക്ഷയിലും പിന്നീട് ബൈക്കിലും ഇടിക്കുകയായിരുന്നു. പിന്നാലെ കാൽനടയാത്രക്കാരെയും ഇടിച്ച കാർ ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
ഗ്വാൾടോളി പൊലീസ് കാർ പിടിച്ചെടുക്കുകയും ശിവം മിശ്രക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അപകടത്തിന് ശേഷം കാറിലുണ്ടായിരുന്ന ബൗൺസർമാർ നാട്ടുകാരോട് മോശമായി പെരുമാറിയതായും ഡ്രൈവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. എന്നാൽ വാഹനമോടിക്കുന്നതിനിടെ ശിവത്തിന് അപസ്മാരം ഉണ്ടായതാണ് അപകടകാരണമെന്ന് കുടുംബം അവകാശപ്പെടുന്നു.
Over six injured after speeding Lamborghini hits vehicles and pedestrians, FIR filed against tobacco industrialist’s son in Kanpur















