
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് മികച്ച നേട്ടം. എട്ട് മലയാളികളാണ് ഇത്തവണ വിവിധ പത്മ പുരസ്കാരങ്ങൾക്ക് അർഹരായത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും സാഹിത്യ വിഭാഗത്തിൽ ‘ജന്മഭൂമി’ ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്ന പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് വി.എസ്. അച്യുതാനന്ദന് ഈ പുരസ്കാരം സമ്മാനിക്കുന്നത്. ആകെ അഞ്ച് പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ബോളിവുഡ് താരം ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. പത്മഭൂഷൺ വിഭാഗത്തിൽ ആകെ 13 പേരെയാണ് രാജ്യം ഇത്തവണ ആദരിക്കുന്നത്. വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ഉന്നത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കലാമണ്ഡലം വിമല മേനോൻ, വനമുത്തശ്ശി കൊല്ലക്കയിൽ ദേവകി അമ്മ, എ.ഇ. മുത്തുനായകം എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാർ, നടൻ മാധവൻ എന്നിവരടക്കം 113 പേർക്കാണ് ഇത്തവണ പത്മശ്രീ പ്രഖ്യാപിച്ചത്. അൺസങ് ഹീറോസ് വിഭാഗത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.














