ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും പാകിസ്‌താനുമിടയിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തെ പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി അംഗീകരിച്ച് രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ നടന്ന മേയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ സംഘർഷം ലഘൂകരിക്കുന്നതിനായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പാകിസ്താൻ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയുമായും ചൈനീസ് വിദേശകാര്യ മന്ത്രാലയ അധികൃതർ ആശയവിനിമയം നടത്തിയിരുന്നുവെന്നും താഹിർ പറഞ്ഞു.
അതേസമയം, ഇന്ത്യ-പാക് സംഘർഷത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യ പറയുന്നത്. എന്നാൽ, ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ദിവസങ്ങൾക്കു മുമ്പ് രംഗത്തെത്തിയിരുന്നു. ചൈനയുടെ ഈ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. ഈ വാദമാണ് ഇപ്പോൾ പാകിസ്‌താൻ അംഗീകരിച്ചിരിക്കുന്നത്.ഓപ്പറേഷൻ സിന്ദൂറിനിടെ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശവാദമുയർത്തിയിരുന്നു.
ട്രംപ് തന്നെ വിവിധ വേദികളിൽ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞെങ്കിലും ഇന്ത്യ അത് നിഷേധിച്ചിരുന്നു. ഇന്ത്യ – പാക് സംഘർഷത്തിൽ മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിൽ നടത്തിയ ആശയവിനിമയത്തിലൂടെയാണ് സംഘർഷം പരിഹരിച്ചതെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
Pakistan accepts China’s claims of mediation during Operation Sindoor












