ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കവേ യുദ്ധവിമാനങ്ങളുമായി സൗദിയിലെത്തി പാകിസ്താൻ

റിയാദ്: ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കവേ പാകിസ്‌താൻ സൈനിക സംഘം യുദ്ധ വിമാനങ്ങളുമായി സൗദി അറേബ്യയിലെത്തി. പാക് സൈനിക സംഘം ധഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിൻ്റെ ഭാഗമായിട്ടാണ് പാക് സൈന്യത്തിന്റെ്റെ വരവെന്നും മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ത‌ാനും സൗദിയും 2025 സെപ്റ്റംബർ 17-ന് തന്ത്രപരമായ പരസ്‌പര പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു. ഈ കരാർ പ്രകാരം, ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നു. ഇറാനെതിരെ സൗദി സൈനിക നടപടി സ്വീകരിക്കുകയാണെങ്കിൽ പാകിസ്‌താനും ഒപ്പംചേരാൻ നിർബന്ധിതരാകും. പാകിസ്‌താൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ, സപ്പോർട്ടിങ് വിമാനങ്ങൾ എന്നിവയുമായിട്ടാണ് പാക് സൈന്യം എത്തിയതെന്ന് സൗദി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇരു രാജ്യങ്ങളിലെയും സൈനികർക്കിടയിൽ സംയുക്ത സൈനിക ഏകോപനം മെച്ചപ്പെടുത്തുക, പ്രവർത്തന സജ്ജീകരണം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം’ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യുഎസുമായുള്ള സംഘർഷത്തിനിടെ ഇറാൻ നിരവധി തവണ സൗദിയിലെ കേന്ദ്രങ്ങൾക്കുനേരെ ആക്രമണങ്ങൾ നടത്തിയിരുന്നു.

അതേസമയം യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പാകിസ്‌താൻ്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്നുവരികയാണ്. ചർച്ചകളുടെ ഭാഗമായി ഇറാൻ-യുഎസ് പ്രതിനിധി സംഘങ്ങൾ വെവ്വേറെയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രതിനിധി സംഘങ്ങളും നേരിട്ട് ചർച്ചകൾ നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതിനിടെ യുഎഇയിലും ഖത്തറിലുമടക്കമുള്ള ഇറാൻ നിക്ഷേപങ്ങൾ വിട്ടുനൽകാൻ യുഎസ് സമ്മതിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും യുഎസ് ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു.

Pakistan arrives in Saudi Arabia with fighter jets as it mediates in Iran-US conflict

More Stories from this section

family-dental
witywide