145 ഇന്ത്യൻ പിന്തുണയുള്ള തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാൻ്റെ അവകാശവാദം; നിഷേധിച്ച് ഇന്ത്യ, ആഭ്യന്തര പരാജയങ്ങളിൽ നിന്നും ഭരണ വീഴ്ചയിൽനിന്നും ശ്രദ്ധതിരിക്കാനുള്ള പാക് നീക്കമെന്നും ഇന്ത്യ

ക്വറ്റ (പാകിസ്ഥാൻ): പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ കഴിഞ്ഞ 40 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണങ്ങളിൽ നൂറിലധികം ” ഭീകരരെ” വധിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പിന്തുണയുണ്ടെന്ന് ബുഗ്തി ആവർത്തിച്ചു. ബി.എൽ.എയുടെ മുതിർന്ന നേതാക്കൾ അഫ്ഗാൻ മണ്ണിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഇന്ത്യയും അഫ്ഗാനും ഈ ആരോപണങ്ങൾ നിഷേധിച്ചു. പാകിസ്ഥാൻ്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്നും ഭരണപരമായ വീഴ്ചകളിൽ നിന്നും ലോകശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ തിരിച്ചടിച്ചു.

ശനിയാഴ്ച നടന്ന ചാവേർ ആക്രമണങ്ങളിലും വെടിവെപ്പിലും 33 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സൈന്യത്തിൻ്റെ ഈ നടപടി. ബലൂചിസ്ഥാനിലുടനീളം ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ഭീകരാക്രമണങ്ങളിൽ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 18 സിവിലിയന്മാരും 15 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ക്വറ്റയിൽ വാർത്താലേഖകരോട് സംസാരിക്കവെ, നിരോധിക്കപ്പെട്ട ബലൂച് ലിബറേഷൻ ആർമിയെ (BLA) വിശേഷിപ്പിക്കാൻ സർക്കാർ ഉപയോഗിക്കുന്ന “ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ” എന്ന ഗ്രൂപ്പിലെ 145 അംഗങ്ങളെ വധിച്ചതായി അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന ഭീകരരുടെ എണ്ണമാണിതെന്ന് അദ്ദേഹം പറഞ്ഞു. വധിക്കപ്പെട്ടവരിൽ ചിലർ അഫ്ഗാൻ പൗരന്മാരാണെന്നും ഇവരുടെ മൃതദേഹങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും ബുഗ്തി കൂട്ടിച്ചേർത്തു.

ഖനന-ധാതു മേഖലകളിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു അമേരിക്കൻ കമ്പനി പാകിസ്ഥാനുമായി 500 മില്യൺ ഡോളറിന്റെ നിക്ഷേപ കരാറിൽ ഒപ്പിട്ടിരുന്നു. ഇതിന് ഒരു മാസം മുമ്പാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബി.എൽ.എയെ (BLA) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

സ്വന്തം മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് 2020-ലെ ദോഹ കരാറിൽ അഫ്ഗാൻ താലിബാൻ ഉറപ്പുനൽകിയിരുന്നതാണെന്നും, എന്നാൽ നിർഭാഗ്യവശാൽ അത് ഇപ്പോഴും പാകിസ്ഥാനെതിരെ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബുഗ്തി പറഞ്ഞു.

ബലൂചിസ്ഥാനിലെ വിഭവങ്ങളിൽ കൂടുതൽ സ്വയംഭരണാധികാരമോ സ്വാതന്ത്ര്യമോ ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ബി.എൽ.എ, പാകിസ്ഥാനിൽ നിരോധിക്കപ്പെട്ട സംഘടനയാണ്. ഇവർ സുരക്ഷാ സേനയെയും ചൈനീസ് നിക്ഷേപങ്ങളെയും സിവിലിയന്മാരെയും സ്ഥിരമായി ലക്ഷ്യം വെക്കാറുണ്ട്. പാകിസ്ഥാൻ താലിബാൻ്റെ (TTP) പിന്തുണയോടെയാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വിശ്വസിക്കുന്നു.

Pakistan claims to have killed 145 Indian-backed terrorists in retaliation for the attacks; India denies,