
പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടത് ഏത് മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണോ, ആ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണെന്ന് പാക്ക് സൈനിക മേധാവി അസിം മുനീർ. പാക്ക് മാധ്യമമായ ‘ദി ഇന്റർനാഷണൽ ന്യൂസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിന്റെ പേരിലാണ് രാജ്യം സൃഷ്ടിക്കപ്പെട്ടതെന്നും ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാന് ഇന്ന് സവിശേഷമായ പദവിയും പ്രാധാന്യവും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണികളെ ഫലപ്രദമായി നേരിടാൻ പാക്കിസ്ഥാന് അറിയാമെന്ന് അസിം മുനീർ പറഞ്ഞു. ഭീകരരെ കൈകാര്യം ചെയ്യുന്നതിൽ രാജ്യം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. പാക്കിസ്ഥാന്റെ ആഗോള നിലവാരവും സാമ്പത്തിക നിലയും മുൻപത്തേക്കാൾ ശക്തിപ്പെട്ടിട്ടുണ്ടെന്നും വരും വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യം കൂടുതൽ അംഗീകാരം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ നേരിടുന്ന പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ ഇസ്ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനമാണ് സൈനിക മേധാവി നടത്തിയിരിക്കുന്നത്. ലക്ഷ്യം കൈവരിക്കുന്നതിനായി ദൈവം നൽകിയ ചരിത്രപരമായ അവസരമാണ് ഇതെന്നും അദ്ദേഹം നിരീക്ഷിച്ചു. പാക്കിസ്ഥാന്റെ ആഭ്യന്തരവും വിദേശവുമായ നിലപാടുകളിൽ സൈന്യത്തിനുള്ള നിർണ്ണായക സ്വാധീനം വ്യക്തമാക്കുന്നതാണ് അസിം മുനീറിന്റെ ഈ പുതിയ പ്രസ്താവന.














