
ഇസ്ലാമാബാദ്: യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമാധാന സമിതിയായ ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നു.
ഈ സമിതിയില്‍ ചേരാനുള്ള തീരുമാനം പാര്‍ലമെൻ്റില്‍ ചര്‍ച്ച ചെയ്യാതെയും രാഷ്ട്രീയ സമവായമില്ലാതെയുമാണ് എടുത്തതെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് കുറ്റപ്പെടുത്തി. ഇതിനായി ഒരു ഹിതപരിശോധന പോലും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വിദേശശക്തികള്‍ നിയന്ത്രിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ പലസ്തീന്റെ സ്വയംഭരണാധികാരത്തെ ഹനിക്കുമെന്നും ഗാസയിലെ ഭരണം പുറത്തുനിന്നുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും സെനറ്റിലെ പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിര്‍ അബ്ബാസ് പറഞ്ഞു. ഇത് പുതിയൊരു ‘നവ കൊളോണിയല്‍’ സംരംഭമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഐക്യരാഷ്ട്രസഭയ്ക്ക് സമാന്തരമായി മറ്റൊരു അന്താരാഷ്ട്ര സമിതി രൂപീകരിക്കുന്നത് യുഎന്‍ ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബോര്‍ഡ് അംഗത്വത്തിനായി നല്‍കേണ്ടി വരുന്ന ഭീമമായ തുക (ഏകദേശം ഒരു ബില്യണ്‍ ഡോളര്‍) കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങാനാവില്ലെന്നും വിമര്‍ശനമുണ്ട്.
വ്യാഴാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ചടങ്ങിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സമാധാന സമിതിയുടെ ചാര്‍ട്ടറില്‍ ഒപ്പുവെച്ചത്. ഗാസയിലെ പുനര്‍നിര്‍മ്മാണവും സ്ഥിരതയും ലക്ഷ്യമിട്ടാണ് സമിതി രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
Pakistani opposition slams Pakistan’s decision to join Trump’s ‘Board of Peace’.














