മാങ്കൂട്ടത്തിൽ ഔട്ട്, പാലക്കാട് പിടിക്കാൻ ഡിസിസി അധ്യക്ഷനെ രംഗത്തിറക്കാൻ കോൺഗ്രസ്, എ തങ്കപ്പൻ സ്ഥാനാർഥി? തൃത്താലയിൽ വിടി ബൽറാം; പട്ടാമ്പി ലീഗിന് വിട്ടുനൽകില്ല

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പാലക്കാട് ജില്ലയിൽ സജീവമാക്കി കോൺഗ്രസ്. പാലക്കാട് മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. ബലാത്സംഗ കേസിലെ പ്രതിയായ നിലവിലെ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു കാരണവശാലും പരിഗണിക്കില്ല. അതുകൊണ്ടുതന്നെ മണ്ഡലം പിടിക്കാൻ തങ്കപ്പനെ തന്നെ രംഗത്തിറക്കണമെന്ന ഉറച്ച നിലപാടിലാണ് ജില്ലാ നേതൃത്വം. ഇക്കാര്യം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ അവർ ഔദ്യോഗികമായി അറിയിച്ചു.

തൃത്താല മണ്ഡലം തിരിച്ചുപിടിക്കാൻ വി.ടി. ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഏകദേശ ധാരണയായിട്ടുണ്ട്. ബൽറാം ജയസാധ്യതയുള്ള നേതാവാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അതേസമയം, പട്ടാമ്പി സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിനുള്ളിൽ വൻ തർക്കങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കില്ലെന്നും അത് കോൺഗ്രസ് തന്നെ നിലനിർത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

പട്ടാമ്പി സീറ്റ് ലീഗിന് നൽകിയാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എം.എൽ.എ സി.പി. മുഹമ്മദ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും വരും ദിവസങ്ങളിൽ കെ.പി.സി.സി ഗൗരവമായി പരിഗണിക്കും. ലീഗുമായി സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ച ചർച്ചകൾ യു.ഡി.എഫ് തലത്തിൽ നടക്കാനിരിക്കെ ജില്ലാ നേതൃത്വത്തിന്റെ ഈ കടുത്ത നിലപാട് നിർണ്ണായകമാകും.

More Stories from this section

family-dental
witywide